മലയിൻകീഴ്: ബ്ലോക്കുനട വിളയിൽ വിളാകത്ത് വീട്ടിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ രത്നമ്മയുടെ (83) മരണകാരണം പൊലീസിന്റെ മാനസിക പീഡനമാണെന്നുകാട്ടി മകൻ സുനിൽകുമാർ ഡി.ജി.പിക്ക് പരാതി നൽകി. സുനിലിന്റെ സഹോദരൻ ധർമ്മരാജനും കുടുംബവും കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇവർ ക്വാറന്റൈൻ ലംഘിച്ചെന്ന് ആരോപിച്ച് മലയിൻകീഴ് സ്റ്റേഷനിൽ നിന്ന് വിളിച്ച് നിരന്തരം ഭീഷണി മുഴക്കിയിരുന്നതായി പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ രത്നമ്മയാണ് ഫോണെടുത്ത്. ഫോൺ വിളിച്ച എ.എസ്.ഐ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുകയും സ്റ്റേഷനിലെത്തി ജാമ്യമെടുക്കുകയോ പെറ്രി അടയ്ക്കുകയോ ചെയ്തില്ലെങ്കിൽ മകൻ ജയിലിൽ കിടക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന രത്നമ്മയ്ക്ക് ശാരീരിക അവശതകൾ ഉണ്ടാകുകയും ചൊവ്വാഴ്ച രാവിലെ മരണം സംഭവിച്ചതായുമാണ് പരാതിയിൽ പറയുന്നത്.
"ധർമ്മരാജനും കുടുംബവും ക്വാറന്റൈൻ ലംഘിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിഴ അടയ്ക്കുന്നതിന് സ്റ്റേഷനിലെത്തണമെന്നും അല്ലാത്ത പക്ഷം കോടതിയിൽ ഇത് അടയ്ക്കേണ്ടിവരുമെന്നുമാണ് ചുമതലയുള്ള ഉദ്യോഗസ്ഥൻ ഫോണിലൂടെ അറിയിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്ന് ഭീഷണിയോ സഭ്യമല്ലാത്ത സംസാരമോ ഉണ്ടായിട്ടില്ല. "
അനിൽകുമാർ, ഇൻസ്‌പെക്ടർ
മലയിൻകീഴ് പൊലീസ് സ്റ്റേഷൻ