വെഞ്ഞാറമൂട് : പ്രവചനത്തിലെ കൃത്യത കൊണ്ട് അത്ഭുതപ്പെടുത്താൻ ഇനി പനയറ സാർ ഇല്ല. അദ്ദേഹത്തിന്റെ ദേഹവിയോഗത്തോടെ നഷ്ടമാകുന്നത് ജ്യോതിഷത്തിലും, ലക്ഷണശാസ്ത്രത്തിലും ഒരു പണ്ഡിതനെക്കൂടിയാണ്. 99 മത്തെ വയസിലും ചുറുചുറുക്കോടെ ലക്ഷണ ശാസ്ത്രം നോക്കിയും, ജാതകം നോക്കിയും ഒരു രൂപ പോലും ദക്ഷിണ വാങ്ങാത്ത "പനയറ സാർ "എന്ന പേരിൽ അറിയപ്പെടുന്ന രാഘവൻപിള്ള സാർ വെഞ്ഞാറമൂടിന്റെ അഭിമാനം ആയിരുന്നു.
വെള്ളാനിക്കര, കഠിനംകുളം, പാറയ്ക്കൽ എന്നിവിടങ്ങളിലെ സ്കൂളുകളിൽ 34വർഷക്കാലം അദ്ദേഹം അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിനിടയിൽ ആണ് ജ്യോതിഷ ലക്ഷണ ശാസ്ത്രത്തിൽ ആകൃഷ്ടനായി അതിനെ കുറിച്ച് കൂടുതൽ പഠിച്ചത്. കുന്നിട ഐക്കര പൊയ്ക വീട്ടിൽ ദാമോദരൻ പിള്ള എന്ന ജ്യോതിഷ പണ്ഡിതനായിരുന്നു അദ്ദേഹത്തിന്റെ ഗുരു. 24 മത്തെ വയസിലാണ് ജ്യോതിഷ പഠനം തുടങ്ങിയത്. നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹാദി കാര്യങ്ങളിലും മംഗള കാര്യങ്ങളിലും അവസാന വാക്കായിരുന്നു പനയറ സാർ. കാഴ്ചയും കേൾവിയും മങ്ങിയെങ്കിലും ഓർമക്കുറവ് സംഭവിച്ചിട്ടില്ലതിനാൽ 99-മത്തെ വയസിലും അദ്ദേഹം ചുറുചുറുക്കോടെ തന്നെ തേടിയെത്തുന്നവർക്ക് ജ്യോതിഷ സംശയങ്ങൾ തീർത്തു കൊടുക്കുമായിരുന്നു.