കോവളം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സന്ദർശകരെത്തി തുടങ്ങിയതോടെ കോവളം വീണ്ടും ഉഷാറായി. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് മുതലാണ് ബീച്ചിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത് നീക്കിയതോടെ ആഭ്യന്തര സഞ്ചാരികൾ ധാരാളമായെത്തുമെന്ന പ്രതീക്ഷയിലാണ് തീരമെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സഞ്ചാരികളെ സ്വീകരിക്കുന്നതിലുള്ള മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. ആഭ്യന്തര സഞ്ചാരികൾക്കുള്ള ടൂറിസം വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും കോവളത്ത് ഇത് എങ്ങനെ നടപ്പാക്കുമെന്നോ അതിനുള്ള തയാറെടുപ്പുകളെക്കുറിച്ചോ ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ല. നാല് ബീച്ചുകളാണ് കോവളത്തുള്ളത്. ഇവിടെ സന്ദർശകരെ സ്വീകരിക്കാനും നിരീക്ഷിക്കാനുമുള്ള ജീവനക്കാരോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടില്ലാത്തതും വെല്ലുവിളിയാണ്. ശക്തമായ കടലാക്രമണത്തിൽ തീരത്തെ നടപ്പാതകളടക്കം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അത്യാവശ്യമുള്ള അറ്റകുറ്റപ്പണി നടത്താൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.