cpm-

നൂറുവർഷം തികച്ച ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി പൂർണമായും അസ്തിത്വം നഷ്ടപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു . കള്ളക്കടത്ത് , ലഹരി മാഫിയക്കായി പ്രസ്താവന ഇറക്കുന്ന അധോലോകസംഘമായി ആ പാർട്ടി അധപതിച്ചു. ഒന്നാം ലോകസഭയിൽ രാജ്യത്തെ മുഖ്യപ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിയാളൻമാരായി തീർന്നിരിക്കുന്നു. കോൺഗ്രസിനോടും ദേശീയതയോടും സ്വീകരിക്കേണ്ട നിലപാടുകളെച്ചൊല്ലി 1964ൽ

മാതൃപാർട്ടിയോട് കലഹിച്ച് ഇറങ്ങിപ്പോന്നവരാണ് ഇഎംഎസും കൂട്ടരും.

കോൺഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച ഇഎംഎസിന്റെ പാർട്ടി ഇന്ന് കേരളത്തിലുൾപ്പെടെ ഗാന്ധികുടുംബത്തിന്റെ വിനീതദാസൻമാരായി മാറി. സർക്കാരിന്റെയും പാർട്ടിയുടെയും നിലപാടുകൾക്ക് അടിസ്ഥാനമായി കേരളത്തിൽ ഉയർന്നുകേൾക്കുന്നത് സീതാറാം യെച്ചൂരിയുടെ വാക്കുകളല്ല .മറിച്ച് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രസ്താവനകളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകയ്യായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കള്ളപ്പണ ഇടപാടിലും പാർട്ടി സെക്രട്ടറി കോടിയേരി
ബാലകൃഷ്ണന്റെ മകൻ ലഹരി ഇടപാടിലും കുടുങ്ങിയതോടെയാണ് കേരളപാർട്ടി ഗാന്ധികുടുംബത്തിന്റെ വക്താക്കളായി മാറിയത്. ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിനുള്ള അനുഭവപരിചയമാകാം സിപിഎമ്മിന് ആത്മവിശ്വാസം പകരുന്നത്.

അടുത്തടുത്ത് രണ്ട് മുഖപ്രസംഗങ്ങളാണ് പാർട്ടി പത്രം കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളെ പുകഴ്തത്തി എഴുതിയത്. ഒക്ടോബർ 28ന്റെ മുഖപ്രസംഗത്തിന്റെ തലക്കെട്ട് 'പാർട്ടി അധ്യക്ഷ പറയുന്നതും കേൾക്കുന്നില്ലേ' എന്നായിരുന്നു. അത് വായിക്കുന്ന സാധാരണ പ്രവർത്തകന് സോണിയഗാന്ധിയാണോ സി.പി.എമ്മിന്റെ ദേശീയ അദ്ധ്യക്ഷ എന്ന് തോന്നിപ്പോവും.


വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ രാഹുൽ ഗാന്ധിയുടെ വാക്കുകളേറ്റെടുത്തായിരുന്നു ഒക്ടോബർ 26ന്റെ മുഖപ്രസംഗം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഒരു ലജ്ജയുമില്ലാതെ സോണിയയുടെയും രാഹുലിന്റെയും പ്രസ്താവനകളെ വാർത്താസമ്മേളനത്തിൽ അഭിമാനത്തോടെ ഉദ്ധരിക്കുന്നു. കേരളത്തിലെ സി.പി.എം കൂടി കോൺഗ്രസ് വിധേയത്വം പരസ്യമാക്കിയതോടെ പാർട്ടിലൈനിൽ സമ്പൂർണമാറ്റമായി.

രാഹുൽഗാന്ധിയാവട്ടെ കേരളത്തിലെത്തിയാൽ പിണറായി സർക്കാരിനെ പുകഴ്ത്തുന്നു. യൂത്ത് കോൺഗ്രസുകാരെ വെട്ടിക്കൊന്ന പ്രതികളെ രക്ഷിക്കാൻ കേസ് നടത്തുന്ന സർക്കാരിനെക്കുറിച്ച് അദ്ദേഹത്തിന് ഒരു ആക്ഷേപവുമില്ല.


കോൺഗ്രസുമായി രാഷ്ട്രീയസഖ്യം പാടില്ല എന്ന ഇരുപത്തിരണ്ടാം പാർട്ടികോൺഗ്രസ് പ്രമേയം പൂർണമായും അപ്രസക്തമാക്കുന്നതാണ് കേന്ദ്രകമ്മിറ്റിയുടെ പുതിയ തീരുമാനം. അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട് , അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി കൈകോർക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം ത്രിപുരയിലും ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ബിഹാറിൽ ഇപ്പോൾ തന്നെ ഇരുപാർട്ടികളും ആർ.ജെ.ഡിയുടെ മഹാഗഡ്ബന്ധന് ഒപ്പമാണ്.

നിലപാടുകളിൽ സ്ഥിരതയില്ലാത്ത, പ്രത്യയശാസ്ത്രത്തോട് കൂറില്ലാത്ത പ്രാദേശികപാർട്ടിയായി കമ്യൂണിസ്റ്റ് പാർട്ടി ചുരുങ്ങിയിരിക്കുന്നു എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. 'പാർട്ടി കോൺഗ്രസാക്കണം ' എന്ന യെച്ചൂരി ലൈനിനെച്ചൊല്ലി ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ നടന്ന കോലാഹലങ്ങൾ എത്ര പരിഹാസ്യമായിരുന്നു എന്ന് ഇപ്പോൾ തെളിയുന്നു.

'സിപിഎമ്മെന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള' എന്നല്ല എന്ന് യെച്ചൂരി തൃശൂർ സംസ്ഥാന സമ്മേളനത്തിൽ രോഷം കൊണ്ടത് കേരളഘടകത്തിന്റെ കോൺഗ്രസ് വിരോധത്തെക്കുറിച്ചായിരുന്നു. ഇപ്പോൾ അതെല്ലാം പഴങ്കഥയായിരിക്കുന്നു.

2004ൽ ബിജെപി അധികാരത്തിലെത്തുന്നത് തടയാനുണ്ടാക്കിയ അവിശുദ്ധസഖ്യം രാജ്യത്തെ കട്ടുമുടിക്കുന്നതാണ് കണ്ടത്. കൈപ്പത്തി പിടിച്ചുള്ള അരിവാൾ ചുറ്റികയുടെ പുതിയ നീക്കവും ബി.ജെ.പിയെ പരാജയപ്പെടുത്താനാണ്. കേരളത്തിൽ പരസ്യസഖ്യമുണ്ടാക്കില്ലെങ്കിലും
രഹസ്യധാരണയ്ക്കാണ് നീക്കം.1991ൽ കെ.ജി.മാരാരെയും 2016ൽ കെ.സുരേന്ദ്രനെയും മഞ്ചേശ്വരത്ത് നിസാരവോട്ടുകൾക്ക് പരാജയപ്പെടുത്തിയത് ഈ രഹസ്യധാരണയിലാണ്. പാർലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിൽ ഇക്കഴിഞ്ഞ വർഷം ഈ കൂട്ടുകെട്ട് പരസ്യമായി പുറത്തുവന്നു. രമേശ് ചെന്നിത്തലയും പിണറായി വിജയനും കൈകോർത്ത് നരേന്ദ്രമോദിക്കെതിരെ സമരത്തിനിറങ്ങി. പക്ഷേ രാഷ്ട്രീയധാർമികതയ്ക്ക് നിരക്കാത്ത ഇത്തരം അടവുനയങ്ങളെ ജനം തള്ളിക്കളയുന്ന കാലം വിദൂരമല്ല. ജനറൽ സെക്രട്ടറിയായ ശേഷം യച്ചൂരിയുടെ ആദ്യ കോൺഗ്രസ് ബാന്ധവ പരീക്ഷണം ബംഗാളിൽ അദ്ദേഹത്തിന്റെ പാർട്ടിയെ ബിജെപിക്കും പിറകിൽ നാലാം സ്ഥാനത്താണ് എത്തിച്ചത്. കേരളത്തിലും കാലങ്ങളായുള്ള ഈ പരസ്പരസഹകരണസംഘത്തെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. കെ.എം മാണിയുടെ അഴിമതി ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടവർ അധികാരക്കസേരയിലെത്തിയപ്പോൾ മാണിയുടെ മകനെ ഒപ്പം കൂട്ടി. നോട്ടെണ്ണൽ യന്ത്രം അധികാരത്തിലിരിക്കുമ്പോൾ പരസ്പരം കൈമാറും. പിണറായി അധികാരത്തിലേറിയപ്പോൾ സോളാർ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിയതുപോലെ യു.ഡി.എഫ് വന്നാൽ ലൈഫ് അഴിമതിയും കുഴിച്ചുമൂടും. അതിനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ഒന്നിച്ചുള്ള നീക്കം. കേരളത്തിൽ
മാത്രം ഭരണമുള്ള ഒരു പാർട്ടിയെ വേട്ടയാടിയിട്ട് കേന്ദ്ര ഏജൻസികൾ എന്താണ് നേടുന്നതെന്ന് യുക്തിസഹമായി വിവരിക്കാൻ പോലുമാവാത്ത സി.പി.എം, സാധാരണപ്രവർത്തകന്റെ കണ്ണിൽ പൊടിയിടുകയാണ്. ശിവശങ്കരനും ബിനീഷ് കോടിയേരിക്കും സർക്കാരുമായോ പാർട്ടിയുമായോ ബന്ധമില്ലെന്ന് ആണയിടുന്നവർ തന്നെയാണ് ഈ വേട്ടയാടലിനെക്കുറിച്ചും പറയുന്നത് എന്നത്
മറ്റൊരു വൈരുദ്ധ്യം. പ്രത്യയശാസ്ത്രപരമായ വിഷയങ്ങളിലല്ല കേന്ദ്രനേതൃത്വം കേരളപാർട്ടിക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗിച്ച് കള്ളക്കടത്ത് നടത്തിയതും ഭരണകക്ഷിയുടെ ബലത്തിൽ മയക്കുമരുന്ന് കടത്തിയതുമാണ് വിഷയം. കള്ളക്കടത്തിന്റെ പങ്കുപറ്റുന്നതിനാലാണോ വിധ്വംസകശക്തികൾക്ക് വേണ്ടി പ്രമേയം പാസാക്കുന്നതെന്ന് സീതാറാം യച്ചൂരി വിശദീകരിക്കണം. രാജ്യത്തിന്റെ സമ്പദ്ഘടന അട്ടിമറിക്കാനുള്ള നീക്കത്തിനാണ് പിണറായി വിജയന്റെ ഓഫീസ് കൂട്ടുനിന്നത്. പകലന്തിയോളം മോദി സർക്കാരിനെ വിമർശിക്കുന്ന സി.പി.എം ജനറൽ സെക്രട്ടറി എന്തുകൊണ്ട് ഈ വിധ്വംസക പ്രവർത്തനത്തെ തള്ളിപ്പറയുന്നില്ല? അനധികൃതസ്വത്ത് സമ്പാദനം, കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനം എന്നിവ സംബന്ധിച്ച തെറ്റുതിരുത്തൽ നടപ്പാക്കണമെന്ന പാർട്ടി പ്ലീനങ്ങളുടെ നിർദേശം പാർട്ടി സെക്രട്ടറിയുടെ കുടുംബത്തിൽപ്പോലും നടപ്പാക്കാനായില്ല എന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് സംഭവിക്കാവുന്ന അപചയത്തിന്റെ അങ്ങേയറ്റമാണ്.

ഇത്തരം നിലപാടുകൾക്കെതിരെയാണ് വി.എസ് അച്യുതാനന്ദനെന്ന കമ്യൂണിസ്റ്റ് പാർട്ടിസ്ഥാപക നേതാവ് ശബ്ദമുയർത്തിയിരുന്നത്. വിഎസിന്റെ അനാരോഗ്യവും കണ്ണൂർ ലോബിക്ക് എന്തും ചെയ്യാനുള്ള അവസരമൊരുക്കുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ഖജനാവ് കട്ടുമുടിയ്ക്കലും നടത്തുന്നവരെ പുറത്തുകൊണ്ടുവരാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ നീക്കങ്ങൾ സി.പി.എമ്മിനെയും കോൺഗ്രസിനെയും 'ഒരുപോലെ വിറളിപിടിപ്പിച്ചിരിക്കുകയാണ്.

അധോലോക സംഘങ്ങളുമായുള്ള കൂട്ടുകെട്ട് 34 വർഷം ഭരിച്ച പശ്ചിമബംഗാളിലും 25 വർഷം ഭരിച്ച ത്രിപുരയിലും ഉണ്ടാക്കിയ അതേ ഗതി കേരളത്തിലും സി.പി.എമ്മിന് സമ്മാനിക്കും. പ്രശസ്ത പോർച്ചുഗീസ് സാഹിത്യകാരൻ യോസെ സരമാഗോ തന്റെ സുഹൃത്ത് ഫിഡൽ കാസ്‌ട്രോയോട് പറഞ്ഞത് കേരളത്തിലെ ബുദ്ധിജീവികൾ സി.പി.എം നേതൃത്വത്തോട് പറയുന്ന കാലം വിദൂരമല്ല.

'നിങ്ങളിൽ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു, എന്റെ പ്രതീക്ഷകളെ നിങ്ങൾ നശിപ്പിച്ചു, എന്റെ സ്വപ്നങ്ങളെ നിങ്ങൾ വഞ്ചിച്ചു'