ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ച തമിഴ്‌നാട് കൃഷി മന്ത്രിയും എ.ഐ.എ.ഡി.എം.കെയുടെ മുതിർന്ന നേതാവുമായ ആർ. ദൊരൈകണ്ണിന്റെ (72) സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ തഞ്ചാവൂർ ജില്ലയിലെ രാജഗിരി ഗ്രാമത്തിൽ നടന്നു.
കൊവിഡ് ബാധിച്ച് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 11.15 ഓടെയാണ് ദൊരൈകണ്ണ് മരിച്ചത്.
കഴിഞ്ഞമാസം 13ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെത്തുടർന്ന് അന്തിമോപചാരം അർപ്പിക്കാൻ സേലത്തേക്ക് പോകുന്നതിനിടെ, ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ദൊരൈക്കണ്ണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആദ്യം വിഴുപുരം സർക്കാർ മെഡിക്കൽ കോളേജിലായിരുന്നു ചികിത്സ. പിന്നീട് ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനി സ്വാമി അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
തഞ്ചാവൂർ രാജഗിരി സ്വദേശിയായ ദുരൈക്കണ്ണ് 2006 മുതൽ പാപനാശം നിയമസഭാംഗമാണ്. 2016ൽ ജയലളിത സർക്കാരിൽ കൃഷിമന്ത്രിയായി. കർഷക സംഘടനകൾക്കിടയിൽ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. എടപ്പാടി പക്ഷത്തെ പ്രമുഖ നേതാവ് കൂടിയായായിരുന്നു. ഭാനുമതിയാണ് ഭാര്യ.