bineesh-kodiyeri

ബംഗളുരു: ബിനീഷിന്റെ കസ്റ്റഡി നിയമവിരുദ്ധമാണെന്നും, സുപ്രീംകോടതി നിർദ്ദേശം ലംഘിച്ച് അഭിഭാഷകരെ കാണാൻ അനുവദിക്കുന്നില്ലെന്നും ബിനീഷിന്റെ അഭിഭാഷകർ പറഞ്ഞു. ബിനീഷ് അവശനാണെന്നും കസ്റ്റഡിയിൽ മർദ്ദനമേറ്റെന്നും ഇക്കാര്യം ഇന്ന് ഹൈക്കോടതിയെ അറിയിക്കുമെന്നും അഭിഭാഷകർ പറഞ്ഞു. ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് സമർപ്പിക്കുമെന്നും അഭിഭാഷകർ വ്യക്തമാക്കി.

മയക്കുമരുന്നു കേസ് അമിത് ഗവാഡെ‌ അന്വേഷിക്കും

ബിനീഷിനെതിരെ മയക്കുമരുന്ന് കേസെടുക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) നടപടി തുടങ്ങി. പത്തുവർഷത്തിലേറെ തടവുശിക്ഷ കിട്ടാവുന്ന കടുത്ത കേസാണ് എൻ.സി.ബിയുടേത്. ഇ.ഡിയുടെ കസ്റ്റഡി തീർന്നാൽ എൻ.സി.ബി ബിനീഷിനെ കസ്റ്റഡിയിലെടുക്കും. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിന്റെ ബംഗളുരു ബന്ധങ്ങളന്വേഷിക്കുന്ന എൻ.സി.ബി ഓഫീസർ അമിത് ഗവാഡെ‌യ്‌ക്കാണ് അന്വേഷണചുമതല. സിനിമാതാരങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ലഹരിമരുന്ന് പാർട്ടികളുടെ വിവരങ്ങൾ ബിനീഷിന്റെ ബിനാമി മുഹമ്മദ് അനൂപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ബിനീഷിനെ സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കും. എൻ.സി.ബി കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ലെങ്കിൽ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് റിമാൻഡ് ചെയ്യുമെന്നാണ് സൂചന.

കമ്പനികളിൽ കള്ളപ്പണ ഇടപാട്

ബി കാപ്പിറ്റൽ ഫിനാൻസ് സർവീസസ്, ബി.ഇ കാപ്പിറ്റൽ ഫോറക്സ് ട്രേഡിംഗ്, ടോറസ് റെമഡീസ്, ബുൾസ് ഐ കോൺസെപ്‌‌റ്റ്സ് എന്നീ കമ്പനികളുമായി ബിനീഷിന് ദുരൂഹബന്ധങ്ങളുണ്ടെന്നാണ് ഇ.ഡി പറയുന്നത്. ആദ്യരണ്ട് കമ്പനികൾ ബിനീഷിന്റെ പേരിലായിരുന്നു രജിസ്റ്റർ ചെയ്തത്. ഇതിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ.ഡി പറയുന്നു. രേഖകൾ ഫയൽ ചെയ്യാതെ ഈ കമ്പനികളുടെ പ്രവർത്തനം നിറുത്തി. യു.എ.ഇ കോൺസുലേറ്റിൽ വിസ സ്റ്റാമ്പിംഗ് കരാർ ലഭിച്ച യു.എ.എഫ്.എക്സ് സൊല്യൂഷൻസ് കമ്പനി ബിനീഷിന്റെ ബിനാമി കമ്പനിയാണെന്നും ഇ.ഡി ആരോപിക്കുന്നു. തിരുവനന്തപുരം കേശവദാസപുരത്തെ ഹോട്ടൽ ഉടമയുടെ പേരിലാണ് ഈ കമ്പനി. പ്രളയത്തിൽ തകർന്ന വീടുകൾ പുതുക്കിപ്പണിയാനുള്ള കരാർ കിട്ടിയതും ഇവർക്കാണ്.