പാലോട്: ജില്ലാ പഞ്ചായത്ത് 3 കോടി ചെലവഴിച്ച് പെരിങ്ങമ്മല പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സ്പോർട്സ് ഹബ്ബ് ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. മന്ത്രി ഇ.പി. ജയരാജന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു സ്വാഗതം ആശംസിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജിംനേഷ്യവും ഡി.കെ. മുരളി എം.എൽ.എ ക്രിക്കറ്റ് നെറ്റ്‌സും ഉദ്‌ഘാടനം ചെയ്യും. എൽ.എസ്.ജി.ഡി എക്സി. എൻജിനിയർ ബി. ശോഭനകുമാരി റിപ്പോർട്ട് അവതരിപ്പിക്കും. അഡ്വ. ഷൈലജാബീഗം, ബി.പി. മുരളി, വി. രജ്ഞിത്ത്, എസ്.കെ. പ്രീജ, ഡോ. ഗീത രാജശേഖരൻ, ആനാട് ജയൻ, വിജു മോഹൻ, എസ്.എം. റാസി, കെ.പി. ചന്ദ്രൻ,​ പി. ചിത്രകുമാരി, ദീപാസുരേഷ്, എസ്.എൽ. കൃഷ്ണകുമാരി തുടങ്ങിയ ജനപ്രതിനിധികളോടൊപ്പം രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ളതും പതിനായിരം ചതുരശ്രഅടി വിസ്തീർണമുള്ളതുമായ മൾട്ടി പർപ്പസ് സ്റ്റേഡിയത്തിൽ വോളിബാൾ, കബഡി, ഷട്ടിൽ, ടെന്നീസ്, ക്രിക്കറ്റ്, മിനി ജിംനേഷ്യം എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. ആധുനിക രീതിയിൽ പൂർത്തിയായ സ്റ്റേഡിയമാണ് പെരിങ്ങമ്മലയിലേത്. പി.വി.സി ഫ്ലോറിംഗ് ചെയ്ത ബാഡ്മിന്റൺ കോർട്ട്, ടെന്നീസ് കോർട്ട്, തടി പാകിയ വോളിബാൾ കോർട്ട്, ബാസ്കറ്റ് ബാൾ കോർട്ടുകൾ എന്നിവ ശ്രദ്ധേയമാണ്. ക്രിക്കറ്റ് പ്രാക്ടീസിനുള്ള പിച്ചും അന്താരാഷ്ട്ര നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്. വീഡിയോ കോൺഫറൻസ് ഹാൾ, എക്സർസൈസ് ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവയും സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാർക്കറ്റിനോട് ചേർന്ന് 50 സെന്റ് സ്ഥലത്ത് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ഇൻഡോർ സ്റ്റേഡിയവും സ്പോട്സ് ഹബ്ബും പൂർത്തീകരിച്ചത്.