ration

റേഷൻ വ്യാപാരികളുടെ സമരം നേരിടാൻ
വ്യാപാരികൾ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം:റേഷൻ വ്യാപാരികൾ സമരം ചെയ്‌താലും റേഷൻ മുടങ്ങാതിരിക്കാൻ ഭക്ഷ്യവകുപ്പ് ആരംഭിക്കുന്ന സപ്ലൈകോ റേഷൻ കടകളിൽ ആദ്യത്തേത് നാളെ തിരുവനന്തപുരത്ത് പുളിമൂട്ടിൽ തുറക്കും. വൈകാതെ മറ്റ് ജില്ലകളിലും തുറക്കും. ഇതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം റേഷൻ വ്യാപാരികൾ ഹൈക്കോടതിയെ സമീക്കും.

റേഷൻ വ്യാപാരികൾ അടിക്കടി കടയടപ്പ് സമരം പ്രഖ്യാപിക്കുന്നതിനെ നേരിടാനാണ് സപ്ളൈകോയ്ക്ക് ലൈസൻസ് നൽകി റേഷൻ കടകൾ തുറക്കുന്നത്. സമീപകാലത്ത് വയനാട്ടിലും തിരുവനന്തപുരത്തും റേഷൻകടകളിലെ ധാന്യം കരിഞ്ചന്തയിൽ എത്തുന്നതായും കണ്ടെത്തിയിരുന്നു.

നിലവിൽ റേഷൻ ലൈസൻസികൾ സ്വകാര്യ വ്യക്തികളാണ്. സർക്കാർ റേഷൻ കടകൾ തുടങ്ങുന്നത് നിയമവിരുദ്ധമാണെന്നാണ് വ്യാപാരി സംഘടകളുടെ വാദം.ഇതിൽ പ്രതിഷേധിച്ച് നാളെ വ്യാപാരികൾ കറുത്ത് ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുകയും വൈകിട്ട് മൂന്ന് മുതൽ രാത്രി 7വരെ കടകൾ അടച്ചിടുകയും ചെയ്യും. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റേയും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് സമരം.

സർക്കാരിന്റെ പ്ലാൻ

സമരം മൂലം കടയടച്ച് റേഷൻ മുടങ്ങുന്ന സ്ഥലങ്ങളിൽ സപ്ളൈകോ ഔട്ട്ലെറ്റുകളോടു ചേർന്ന് റേഷൻകടകൾ തുറക്കും.പോർട്ടബിലിറ്റി ഉള്ളതിനാൽ ഏത് കടയിൽ നിന്നും റേഷൻ വാങ്ങാം. അടച്ച കടയിലെ കാ‌ർ‌ഡുകൾ തൊട്ടടുത്തുള്ള സപ്ളൈകോ റേഷൻകടയിലെ ഇ-പോസ് മെഷീനിലേക്കു മാറ്റും. അവശ്യസേവന നിയമ പ്രകാരം കടയുടമയ്ക്കെതിരെ നിയമ നടപടിയും എടുക്കും. പുതിയ കടകളിൽ ഒരാൾക്കു വീതം കരാർ ജോലി ലഭിക്കും.

 ഒരു രാജ്യം ഒരു കാർഡ്

ഡിസംബറോടെ പൗരന്മാർക്ക് രാജ്യത്തെവിടെയുമുള്ള റേഷൻകടയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയുന്ന പദ്ധതി നടപ്പാകും. കേരളം ഉൾപ്പെടെ 24 സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കാൻ സജ്ജമായി. കാർഡിൽ പേരുള്ളവർ ആധാർ ലിങ്ക് ചെയ്യണമെന്ന കേന്ദ്ര നിർദ്ദേശം പാലിക്കാൻ സർക്കാർ നടപടി തുടങ്ങി.

കണക്കുകൾ

ആകെ റേഷൻ കാർഡുകൾ 88,​38,​029

ആകെ റേഷൻ കടകൾ 14,​222

സപ്ളൈകോ മാവേലി സ്റ്റോറുകൾ 933

സൂപ്പർ മാർക്കറ്റ് 375

പീപ്പിൾസ് ബസാർ 22

ഹൈപ്പർ മാർക്കറ്റ് 4

പ്രീമയം മാർക്കറ്റ് 2

അപ്‌നാബസാർ 1

മൊബൈൽ മാവേലി 23

''സർക്കാർ നേരിട്ട് റേഷൻ കട നടത്തുന്നത് ഹൈക്കോടതി വിധിയുടെ ലംഘനമാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. പുതിയ കടകൾ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മാത്രമേ നൽകാവൂ എന്ന് ഉത്തരവുണ്ട്.''

ജോൺസൻ വിളവിനാൽ, വൈസ് പ്രസിഡന്റ്, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ