ed

തിരുവനന്തപുരം: ശിവശങ്കറും സംഘവും സർക്കാർ പദ്ധതികളുടെ മറവിൽ 110 കോടിയുടെ കോഴ ഇടപാടുകൾ നടത്തിയെന്ന വിവരത്തെത്തുടർന്ന്,നാല് വൻകിട ഐ.ടി അനുബന്ധ പദ്ധതികളിലേക്ക് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിച്ചു. ഐ.ടി.വകുപ്പിന്റെ സ‌ർവാധികാരിയായിരിക്കെ ശിവശങ്കർ മുൻകൈയെടുത്ത് തുടങ്ങിയ പദ്ധതികളാണിവ.

ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഹൈസ്പീഡ് ഇന്റർനെ​റ്റ് നൽകാനുള്ള കെ-ഫോൺ, വൈദ്യുതി വാഹന നിർമ്മാണത്തിനുള്ള ഇ-മൊബിലിറ്റി, കൊച്ചി സ്‌മാർട്ട്സിറ്റി വികസനം, തിരുവനന്തപുരം ടെക്നോപാർക്ക് വികസനത്തിനുള്ള ഡൗൺ ടൗൺ എന്നീ പദ്ധതികളാണ് അന്വേഷിക്കുന്നത്. ഇവയുടെ ധാരണാപത്രം, സ്വകാര്യപങ്കാളികൾ, ഏറ്റെടുത്ത ഭൂമി, ഭൂമി കൈമാറ്റം തുടങ്ങിയ രേഖകൾ ഹാജരാക്കാൻ ചീഫ്സെക്രട്ടറിക്ക് ഇ.ഡി നിർദ്ദേശം നൽകി. ശിവശങ്കർ നേതൃത്വം നൽകിയ ലൈഫ് മിഷൻ പദ്ധതിയുടെ രേഖകൾ നേരത്തെ ഇ.ഡി ആവശ്യപ്പെട്ടിരുന്നു.

നാല് പദ്ധതികളിൽ ഭൂമി കൈമാറ്റത്തിലൂടെയും മറ്റും കോടികൾ കോഴയായി കൈമറിഞ്ഞതിന്റെ വിവരങ്ങളും സ്വപ്നയുടെ ഫോണുകൾ, ലാപ്ടോപ്പ് എന്നിവയിൽ നിന്ന് വീണ്ടെടുത്തിട്ടുണ്ട്. കോഴയിടപാട് തടഞ്ഞ ആന്ധ്രാക്കാരനായ ഐ.എ.എസ് ഉദ്യോഗസ്ഥനെ ശിവശങ്ക‌ർ പുകച്ചു പുറത്തു ചാടിച്ചെന്നും കണ്ടെത്തി.പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെയും സർക്കാർ ഐ.ടി പാർക്കുകളുടെ സി.ഇ.ഒ ആയിരുന്ന ഋഷികേശ്‌നായരുടെയും പങ്കും അന്വേഷിക്കുന്നുണ്ട്. ഐ.ടി പാർക്കുകൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമി സ്വകാര്യസംരംഭകർക്ക് കൈമാറിയ ഇടപാടുകളും ,ടെക്നോപാർക്കിൽ അമേരിക്കൻ കമ്പനിയുമായുള്ള ഇടപാടുകളും അന്വേഷിക്കും.കമ്മിഷൻ തുകയുപയോഗിച്ച് ദുബായിൽ സ്വപ്നയ്‌ക്കൊപ്പം ഐ.ടി ബിസിനസ് തുടങ്ങാൻ ശിവശങ്കർ പദ്ധതിയിട്ടിരുന്നതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

നാല് പദ്ധതികൾ

1)കെ-ഫോൺ

ടെൻഡർ തുകയേക്കാൾ 49 % കൂട്ടിയാണ് കരാർ . 1028 കോടിയായിരുന്നു ടെൻഡർ തുക. കരാർ 1531കോടിക്കും. മന്ത്രിസഭാ തീരുമാനം കാക്കാതെ കരാർ ഉറപ്പിക്കാൻ ഐ.ടി ഇൻഫ്രാസ്ട്രക്ചറിന് ചെയർമാനായിരുന്ന ശിവശങ്കർ നിർദ്ദേശം നൽകി. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭെൽ ഉൾപ്പെട്ട കൺസോർഷ്യമാണ് കരാർ നേടിയത്.

2)ഇ-മൊബിലിറ്റി

സ്വിറ്റ്‌സർലൻഡിലെ ഹെസ് കമ്പനിക്ക് 51% ഓഹരിവിഹിതത്തോടെ കേരള ആട്ടോമൊബൈലുമായി സംയുക്ത കമ്പനിയുണ്ടാക്കാൻ. സ്വിറ്റ്‌സർലൻഡിലെ പാർലമെന്റംഗമായ കോഴിക്കോട്ടുകാരി സൂസൻ തോമസായിരുന്നു ഇടനിലക്കാരി. രണ്ടരക്കോടിവരെ വിലയുള്ള നൂറ് ഇലക്ട്രിക് ബസുകൾ സ്വിസ് കമ്പനിയിൽ നിന്ന് വാങ്ങാനും ബസ് നിർമ്മാണത്തിന് കൊച്ചിയിൽ നൂറേക്കർ നൽകാനും ശ്രമിച്ചു. ഇതെല്ലാം ധനവകുപ്പ് തടഞ്ഞതോടെ, ലണ്ടനിലെ പ്രൈസ് വാട്ടർഹൗസ്‌ കൂപ്പർ കമ്പനിയെ കൺസൾട്ടന്റാക്കി ശിവശങ്കർ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചു.

3)ഡൗൺടൗൺ

അമേരിക്കയിലെ ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്സും ഇന്ത്യയിലെ എംബസി ഗ്രൂപ്പും ചേർന്നുള്ള ഐ.ടി, അടിസ്ഥാന സൗകര്യ പദ്ധതി. ഹൈബ്രിഡ് ഐ.ടി.പാർക്ക്, ഷോപ്പിംഗ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, പാർപ്പിടസമുച്ചയങ്ങൾ, കൺവെൻഷൻ സെന്റർ എന്നിവ നിർമ്മിക്കും. ടെക്‌നോപാർക്കിലെ 19.76 ഏക്കർ 90വർഷത്തേക്ക് പാട്ടത്തിന് കൈമാറി. 7.64 ഏക്കറിലാണ് ഷോപ്പിംഗ് മാളും ഹോട്ടലും.

4)സ്‌മാർട്ട് സിറ്റി

കൊച്ചി സ്‌മാർട്ട്സിറ്റി വികസനത്തിന് 4000 കോടി നിക്ഷേപത്തിനായി യു.എ.ഇ കമ്പനികളെ എത്തിക്കാൻ ശിവശങ്കർ സ്വപ്നയുടെ സഹായം തേടിയിരുന്നു. പാർപ്പിടസമുച്ചയം, വിനോദകേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവയ്‌ക്കായി വമ്പൻ ഭൂമിയിടപാടിന് ശ്രമിച്ചു. റിയൽഎസ്റ്റേറ്റ് കമ്പനിക്ക് പതിനാറേക്കർ ചുളുവിലയ്ക്ക് നൽകാനും ശ്രമമുണ്ടായി.