തിരുവനന്തപുരം: കൊള്ളകൾക്കും അഴിമതികൾക്കും നേതൃത്വം നൽകുന്നയാളായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കള്ളക്കടത്തുകാരുടെ ബിനാമിയായി പ്രവർത്തിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ആരോപണവിധേയരായ മന്ത്രിമാരുടെയും രാജിയാവശ്യപ്പെട്ട് സ്പീക്കപ് കേരള സമരപരമ്പരയുടെ ഭാഗമായി യു.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടതുസർക്കാർ ജനങ്ങളുടെ ആത്മാഭിമാനത്തെ തകർത്തു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ നടത്തിയ കോടികളുടെ അഴിമതിക്കഥകളാണ് പുറത്ത് വരുന്നത്. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ പിടിയിലായ അനൂപ് മുഹമ്മദ്. അപ്പോൾ ശിവശങ്കർ ആരുടെ ബിനാമിയാണ്?
ഭരണത്തെ നിയന്ത്രിക്കുന്ന പാർട്ടി തന്നെ അധോലോകത്തിന്റെ പിടിയിലായി. ഡി.ജി.പി ലോക് നാഥ് ബെഹ്‌റ ഡയറക്ടർ ജനറൽ ഒഫ് പർച്ചേസ് ആയി മാറി. പിണറായി വിജയൻ പറയുന്ന എന്ത് കൊള്ളരുതായ്മയും ചെയ്യുന്ന ഡി.ജി.പി നാളെ ഇതിനെല്ലാം കണക്ക് പറയേണ്ടിവരും. സെക്രട്ടേറിയറ്റിൽ നടക്കുന്നത് അഴിമതി വ്യവസായമായതിനാലാണ് സുരക്ഷ വ്യവസായസേനയ്ക്ക് കൈമാറിയത്. സാധാരണക്കാർക്കോ എം.എൽ.എമാർക്കോ മന്ത്രിമാർക്കോ മുഖ്യമന്ത്രിയെ കാണാനാവില്ല. സ്വപ്ന സുരേഷിനെപ്പോലുള്ളവർക്കേ അതിന് അവസരമുള്ളൂ. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, വി.എസ്. ശിവകുമാർ, സി.പി. ജോൺ, ബീമാപള്ളി റഷീദ്, ബാബു ദിവാകരൻ, കൊട്ടാരക്കര പൊന്നച്ചൻ, വി.എസ്. മനോജ്കുമാർ, നെയ്യാറ്റിൻകര സനൽ, അഡ്വ.പി.കെ. വേണുഗോപാൽ, മണക്കാട് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.