mullappally

തിരുവനന്തപുരം: യു.ഡി.എഫിന്റെ വഞ്ചനാദിനാചരണത്തിൽ പ്രസംഗിക്കവേ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ. സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ മുങ്ങിച്ചാകാൻ പോകുമ്പോൾ അഭിസാരികയെ കൊണ്ടുവന്ന് കഥ പറയിച്ച് രക്ഷപ്പെടാമെന്നത് മുഖ്യമന്ത്രിയുടെ വൃഥാശ്രമമാണെന്നും, സംസ്ഥാനം മുഴുവൻ തന്നെ ബലാത്സംഗം ചെയ്തെന്ന് വിലപിച്ചു കൊണ്ടിരിക്കുന്ന സ്ത്രീയെ കൊണ്ടുവന്ന് പറയിക്കാനാണ് ശ്രമമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം. ഇതിനെതിരെ വിവിധ വനിതാസംഘടനകളുൾപ്പെടെ രംഗത്തെത്തി. വിവാദമായതോടെ, പിന്നീട് വേദിയിൽ വച്ചു തന്നെ മുല്ലപ്പള്ളി ഖേദപ്രകടനവും നടത്തി."ഒരിക്കൽ പീഡിപ്പിച്ചുവെന്ന് പറഞ്ഞാൽ മനസ്സിലാക്കാം. ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കിൽ ഒന്നുകിൽ മരിക്കും. അല്ലെങ്കിൽ പീഡനം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. തുടരെത്തുടരെ സംസ്ഥാനം മുഴുവൻ തന്നെ ബലാത്സംഗത്തിന് വിധേയമാക്കുന്നുവെന്ന് വിലപിച്ചു കൊണ്ടിരുന്ന സ്ത്രീയെ മുന്നിൽ നിറുത്തി രംഗത്ത് വരാൻ നാണമില്ലേ മുഖ്യമന്ത്രീ നിങ്ങൾക്ക്? എന്നോട് ഇക്കാര്യം ഉന്നതനായ ഒരു പൊലീസുദ്യോഗസ്ഥൻ പറഞ്ഞിരുന്നു"- മുല്ലപ്പള്ളി പറഞ്ഞു.സോളാർ കേസിൽ ഇരയായ സ്ത്രീ കോൺഗ്രസ് നേതാവിനെതിരെ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയ സംഭവം പരാമർശിക്കവേയാണ് ,മുല്ലപ്പള്ളിയിൽ നിന്ന് വിവാ ദപ്രതികരണമുണ്ടായത്. നേരത്തേ മന്ത്രി കെ.കെ. ശൈലജയെ നിപ രാജകുമാരിയെന്നും,കൊവിഡ് റാണിയെന്നും മുല്ലപ്പള്ളി വിശേഷിപ്പിച്ചതും വിവാദമായിരുന്നു.

മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീ വിരുദ്ധ പരാമർശവുമായി രംഗത്തു വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. സ്ത്രീ വിരുദ്ധ പരാമർശങ്ങൾ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാൽക്കൂടി അനുവദിച്ചുകൂടാ. ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണമെന്നും അദ്ധ്യക്ഷ എം.സി. ജോസഫൈൻ ആവശ്യപ്പെട്ടു.