തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരൻ സക്കറിയ അർഹനായി. മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണിതെന്ന് കേരളപ്പിറവി ദിനത്തിൽ പുരസ്കാരം പ്രഖ്യാപിച്ച സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞു. അഞ്ച് ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. തീയതി പിന്നീട് അറിയിക്കും.
കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനും സച്ചിദാനന്ദൻ, എം. തോമസ് മാത്യു, ഡോ. കെ.ജി. പൗലോസ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണിജോർജ് എന്നിവരുമടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. മലയാള സാഹിത്യത്തിൽ കഥകളും ചെറുനോവലുകളും വഴി സൗന്ദരാത്മകവും നൈതികവുമായ വഴിത്തിരിവുണ്ടാക്കാനും
ദുരന്തബോധവും നർമ്മബോധവും സമന്വയിക്കുന്ന നവീന ഭാവുകത്വത്തിന്റെ അടിത്തറ പാകാനും സക്കറിയയ്ക്ക് കഴിഞ്ഞതായി ജൂറി വിലയിരുത്തി. ലോകനിലവാരത്തിലുള്ള കഥകളിലൂടെ വായനക്കാരുടെ മനസിൽ പ്രതിഷ്ഠ നേടിയ കഥാകാരനാണ്. ബാംഗ്ലൂർ എം. ഇ. എസ് കോളജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലും അദ്ധ്യാപകനായിരുന്നു.