തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെയും യു.ഡി.എഫ് നടത്തുന്ന സ്പീക്കപ്പ് കേരള സമര പരമ്പരയുടെ അഞ്ചാംഘട്ടമായി യു.ഡി.എഫ് പ്രവർത്തകർ വാർഡുകൾ കേന്ദ്രീകരിച്ച് വഞ്ചനാദിനമാചരിച്ചു.
കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഒരു വാർഡിൽ 10 പേർ വീതം പങ്കെടുത്ത സത്യഗ്രഹങ്ങളിൽ സംസ്ഥാനമൊട്ടാകെ 20,000 വാർഡുകളിലായി രണ്ട് ലക്ഷം യു.ഡി.എഫ്. പ്രവർത്തകർ അണിനിരന്നു.
സ്വർണക്കടത്ത് പ്രതികളെ സഹായിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജലീലും രാജിവച്ച് അന്വേഷണം നേരിടുക, പി.എസ്.സിയെ നോക്കുകുത്തിയാക്കി നടത്തിയ പിൻവാതിൽ, അനധികൃത കരാർ നിയമനങ്ങൾ റദ്ദാക്കുക, ഒഴിവുള്ള തസ്തികകളിൽ പി.എസ്.സി. വഴി അടിയന്തര നിയമനം നടത്തുക,വാളയാറിൽ കൊല്ലപ്പെട്ട ദളിത് പെൺകുട്ടികളുടെ കുടുംബത്തിന് നീതിയുറപ്പാക്കുക, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ദളിത്, ആദിവാസി, ന്യൂനപക്ഷആക്രമണങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കുക, കർഷകരെ ദ്രോഹിക്കുന്ന കരിനിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് യു.ഡി. എഫ് കൺവീനർ എം.എം. ഹസ്സൻ അറിയിച്ചു.
സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിർവഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോട്ടയത്തും മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ കോഴിക്കോട്ടും കേരളാ കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് തൊടുപുഴയിലും ആർ.എസ്.പി. സെക്രട്ടറി എ.എ. അസീസും ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനും കൊല്ലത്തും, കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് എറണാകുളത്തും സത്യാഗ്രഹത്തിൽ പങ്കെടുത്തു. മറ്റ് ജില്ലകളിൽ യു.ഡി.എഫ്.എം.പിമാരും എം.എൽ.എ.മാരും മുതിർന്ന യു.ഡി.എഫ് നേതാക്കളും നേതൃത്വം നൽകി.