photo

നെടുമങ്ങാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അരുവിക്കര മൈലം വാർഡിൽ തരിശുഭൂമിയിൽ കർഷക ഗ്രൂപ്പുകൾ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റും അരുവിക്കര ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റുമായ അഡ്വ. ആർ. രാജ്മോഹൻ ചീര കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ ബാലഗോപാൽ രണ്ടു മാസം മുൻപ് ഉദ്‌ഘാടനം ചെയ്ത തരിശുഭൂമി കൃഷിയുടെ വിളവെടുപ്പാണ് തുടക്കം കുറിച്ചത്. മൈലം അരുവി ആഗ്രോഫാം കർഷക ഗ്രൂപ്പിലെ അംഗങ്ങൾ മൂന്നര ഏക്കർ തരിശുഭൂമി പാട്ടത്തിനെടുത്ത് ചീര, വെണ്ട, പാവൽ, പടവലം,കോവൽ, വാഴ, മരച്ചീനി തുടങ്ങിയ കൃഷികളാണ് ആരംഭിച്ചത്. മൈലം വാർഡ് മെമ്പർ ടി.ഇ. കുമാർ, കുടുംബശ്രീ സി.ഡി.എസ് അംഗം ടി. ജാസ്മിൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം മറിയക്കുട്ടി, വായ്പാ ബാങ്ക് ഉദ്യോഗസ്ഥൻ ജി.എസ്. ബിനുകുമാർ എന്നിവർ പങ്കെടുത്തു.