krixhi-bhavan

വക്കം: വക്കം കൃഷിഭവന്റെ ഓഫീസ്‌ വികസിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുജി അറിയിച്ചു. കൃഷിഭവന്റെ അസൗകര്യങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒന്നാം ഘട്ട വികസനം നടപ്പിലാക്കുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഇതിന് അനുമതിയും, അംഗീകാരവും നൽകിയതായി വേണുജി പറഞ്ഞു. ആദ്യഘട്ടത്തിൽ കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന ജൈവ പച്ചക്കറി വിപണന കേന്ദ്രം മാറ്റി സ്ഥാപിക്കുകയും, തുടർന്ന് ഈ സ്ഥലം കൂടി കൃഷി ഭവന്റെ ഓഫീസ് പ്രവർത്തനത്തിന് വിട്ടുനൽകാനാണ് പരിപാടി. അതോടെ കൃഷിഭവന് കുടുസ് മുറിയിൽ നിന്നും മോചനമാകുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമേ ഗ്രാമപഞ്ചായത്ത് കാര്യലയത്തിന്റെ മറ്റൊരു മുറിയിലേയ്ക്ക് ജൈവപച്ചക്കറി വിപണന കേന്ദ്രം മാറ്റുക വഴി വിപണന കേന്ദ്രത്തിന്റെ പ്രവർത്തനവും വിപുലീകരിക്കാൻ കഴിയുമെന്ന് വേണുജി പറഞ്ഞു.