tiger

തിരുവനന്തപുരം: നെയ്യാർ ലയൺ സഫാരി പാർക്കിലെ കൂടു പൊളിച്ച് പുറത്ത് ചാടിയ കടുവയെ മയക്കുവെടിവച്ചു പിടികൂടി. 24 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കടുവയെ മയക്കുവെടി വച്ച് വീഴ്ത്തിയത്.

മയങ്ങി വീണ കടുവയെ വനംവകുപ്പ് ജീവനക്കാർ കൂട്ടിലേക്ക് മാറ്റി. കടുവയുടെ ആരോഗ്യസ്ഥിതിയറിയാൻ 24മണിക്കൂർ കഴിയണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

വയനാട്ടിൽ കെണിവച്ച് പിടിച്ച ഒൻപത് വയസുള്ള പെൺ കടുവയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ചികിത്സയ്ക്കായി നെയ്യാറിലെ പാർക്കിലെത്തിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ട്രീറ്റ്‌മെന്റ് കേജിന്റെ മുകളിലത്തെ രണ്ടു ഇരുമ്പു കമ്പികൾ ഇളക്കി കടുവ പുറത്തുചാടിയത്.

സഫാരിപാർക്കിന്റെ തെക്കുഭാഗത്തുള്ള നെക്കിപ്പൽകോണം മേഖലയിൽ മരക്കൂട്ടവും പാറയും കൂടുതലുള്ളതിനാൽ ഇരുമ്പ് വേലിക്ക് മുകളിലൂടെ കടുവ ഡാമിലേക്ക് ചാടാനുള്ള സാദ്ധ്യത നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. എന്നാൽ ശനിയാഴ്ച വൈകിട്ടോടെ ഡ്രോൺ ഉപയോഗിച്ച് നടന്ന പരിശോധനയിൽ കടുവ പാർക്കിനുള്ളിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് കടുവയെ പിടികൂടാൻ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ പരിശ്രമം നടത്തിവരികയായിരുന്നു. ശനിയാഴ്ച രാത്രിയിൽ കടുവയെ പിടികൂടാനായി ആട്ടിൻകുട്ടിയെ കെട്ടിയ ഇരുമ്പ് കൂട് തയാറാക്കിയെങ്കിലും കടുവ എത്തിയില്ല. ഈ ശ്രമം വിഫലമായതോടെയാണ്

മയക്കു വെടിവയ്‌ക്കാൻ തീരുമാനിച്ചത്. ഇന്നലെ രാവിലെ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടർന്ന് വനപാലകരുടെ നേതൃത്വത്തിൽ ആദിവാസി വിഭാഗക്കാരടക്കം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് പത്തേക്കറോളം വരുന്ന പാർക്കിനുള്ളിൽ തെരച്ചിൽ നടത്തിയാണ് കടുവയെ പൊന്തക്കാടിനുള്ളിൽ നിന്ന്

പുറത്തുചാടിച്ചത്. കൂട് സ്ഥാപിച്ചിട്ടുള്ള സ്ഥലത്തിന് സമീപത്തുവച്ചാണ് കടുവയെ വെടിവച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ള കടുവയെ മയക്കുവെടി വയ്ക്കാതെ പിടിക്കാനാണ് ആദ്യം ശ്രമിച്ചത്.

അഗസ്ത്യവനം ബയോ ഫോറസ്റ്റ് കൺസർവേറ്റർ ദേവപ്രസാദ്‌, വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ.അനി ,ഫ്ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ജസ്റ്റിൻ സ്റ്റാൻലി, തിരുവനന്തപുരം ഡി.എഫ്.ഒ പ്രദീപ് കുമാർ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.