തിരുവനന്തപുരം: രണ്ടു മാസമായി പുതിയ നോവലിന്റെ രചനയിൽ മുഴുകിയിരിക്കുന്ന സക്കറിയയെ തേടിയാണ് എഴുത്തച്ഛൻ പുരസ്കാരം എത്തിയത്.
കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം യാതകളില്ല, പൊതുപരിപാടികളില്ല. വായനയുടെ ലോകത്ത് കൂടുതൽ സമയം ചെലവഴിച്ചു. അത് നോവൽ രചനയിലേക്ക് മാറുകയായിരുന്നു.
' സാമൂഹ്യ യാഥാർത്ഥ്യം നിറഞ്ഞു നിൽക്കുന്ന നോവലിൽ എന്റെ രാഷ്ട്രീയം ഇല്ലെന്ന് തീർത്തു പറയാൻ കഴിയില്ല. മുൻകൂട്ടി തയ്യാറാക്കിയല്ല എഴുതിത്തുടങ്ങിയത്. നോവൽ എന്തായിരിക്കും എങ്ങനെയായി വരും എന്ന് പറയാൻ സാധിക്കില്ല'- ഇത്രമാത്രമെ പുതിയ രചനയെ പറ്റി സക്കറിയ പറയുന്നുള്ളൂ.
എഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരം കിട്ടിയതിൽ വലിയ സന്തോഷം. മലയാളികളോട്, ഈ അവാർഡ് നൽകിയ സംസ്കാരിക വകുപ്പ്, ഭരണകൂടം ഇവരോടെല്ലാം നന്ദിയുണ്ട്. കാരണം ജനങ്ങളുടെ അവാർഡാണ് തന്നത്. എന്റെ ചിന്തകൾക്കും ഭാവനയ്ക്കും ചിറകു നൽകിയ ഭാഷയുടെ സ്ഥാപകൻ എന്നു വിളിക്കാവുന്ന സാമൂഹ്യപരിഷ്കർത്താവ് കൂടിയായ കവിയുടെ പേരിലുള്ള പുരസ്കാരമാണിത്. മലയാളികൾ ഭാഷാദിനം ആചരിക്കുന്നത് നല്ലതാണ്. ഒരു ദിനംകൊണ്ട് ഭാഷ നന്നാവുകയില്ല. പക്ഷെ, ആ ഒരു ബോധം ഉണ്ടാകുന്നു. അത് മോശപ്പെട്ട കാര്യമല്ല- സക്കറിയ പറഞ്ഞു.