തിരുവനന്തപുരം: ആയിരക്കണക്കിന് രോഗികൾ ആശ്രയിച്ചിരുന്ന പേരൂർക്കട ഇ.എസ്.ഐ ആശുപത്രി കൊവിഡ്
ചികിത്സാകേന്ദ്രമായതോടെ മറ്റ് രോഗികൾ ദുരിതത്തിൽ. കൊവിഡ് ബാധിതരായ ഗർഭിണികൾക്കും സ്ത്രീകൾക്കും മാത്രമാണ് നിലവിൽ ഇവിടെ ചികിത്സയുള്ളത്. 60 പേർക്കാണ് ഇപ്പോൾ സൗകര്യമൊരുക്കിയിരിക്കുന്നത്. ആകെ 128 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ആശുപത്രിയുടെ പകുതി ശേഷി പോലും ഇപ്പോൾ ഉപയോഗപ്പെടുത്തുന്നില്ല.
തലസ്ഥാനത്ത് ഇ.എസ്.ഐയുടെ കീഴിൽ 11 ഡിസ്‌പെൻസറികളാണുള്ളത്. ഓരോ ഡിസ്‌പെൻസറിയിലും ദിവസവും നൂറുകണക്കിനാളുകൾ ഒ.പിയിലെത്താറുണ്ട്. ഇവരിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ പേരൂർക്കട ആശുപത്രിയിലേക്കാണ് റഫർ ചെയ്യാറുള്ളത്. പുതിയ സാഹചര്യത്തിൽ ഇവരിൽ പലരേയും സ്വകാര്യ ആശുപത്രികളിലേക്ക് അയയ്ക്കുകയാണ്. ഇത് രോഗികൾക്കൊപ്പം ഇ.എസ്.ഐ കോർപ്പറേഷനും വലിയ ബാദ്ധ്യതയാണ് സൃഷ്ടിക്കുന്നത്. ആശുപത്രിയുടെ പ്രത്യേകഭാഗം മാത്രം കൊവിഡ് രോഗികൾക്കായി മാറ്റിവച്ച് ബാക്കി സൗകര്യങ്ങൾ മറ്റുള്ളവർക്കായി ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യതയെപ്പറ്റി ആലോചിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
ഉപകരണങ്ങളും നശിക്കുന്നു
കിടത്തിചികിത്സയ്ക്ക് സൗകര്യമുള്ള സംസ്ഥാനത്തെ ചുരുക്കം ഇ.എസ്.ഐ ആശുപത്രികളിലൊന്നാണ് പേരൂർക്കടയിലേത്. കൊവിഡ് രോഗികൾക്ക് മാത്രമായി ചികിത്സാസൗകര്യങ്ങൾ പരിമിതപ്പെടുത്തിയപ്പോൾ ഓപ്പറേഷൻ തീയേറ്റർ, പ്രസവ വാർഡ്, ഫിസിയോ തെറാപ്പി, എക്‌സ്-റേ യൂണിറ്റ്, റേഡിയോളജി വിഭാഗം, കാൻസർ ചികിത്സ, ശിശുരോഗം, ഒപ്താൽമോളജി, ഓർത്തോ, സർജിക്കൽ വിഭാഗം, ഡയാലിസിസ്, ഇ.സി.ജി തുടങ്ങിയ സൗകര്യങ്ങളും ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല. മാസങ്ങളായി മെഷീനുകൾ പ്രവർത്തിക്കാതിരിക്കുന്നതിനാൽ ഇവ നശിച്ചുപോകുമോയെന്ന ആശങ്കയുമുണ്ട്.
ജില്ലയിലെ ഡിസ്പെൻസറികൾ
നാവായിക്കുളം
നെയ്യാറ്റിൻകര
ബാലരാമപുരം
ആറ്റിങ്ങൽ
കഴക്കൂട്ടം
കോവളം
ചാക്ക
കരമന
പേരൂർക്കട
നെടുമങ്ങാട്
കിളിമാനൂർ
"പേരൂർക്കട ആശുപത്രിയിൽ ഇ.എസ്.ഐ ഗുണഭോക്താക്കൾക്കായി ഒ.പി സൗകര്യം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയെ ഭാഗങ്ങളാക്കി തിരിച്ച് കൊവിഡ് രോഗികളല്ലാത്തവർക്കും കിടത്തി ചികിത്സ നൽകാനുള്ള ആലോചന നടക്കുന്നുണ്ട്. താമസിക്കാതെ ഈ സൗകര്യം ഏർപ്പെടുത്തും. തയ്യാറെടുപ്പുകളില്ലാതെ കൊവിഡ് രോഗികൾക്കിടയിൽ മറ്റ് രോഗികളെ പ്രവേശിപ്പിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. എല്ലാ വശങ്ങളും ആലോചിച്ചാവും തുടർനടപടികൾ സ്വീകരിക്കുക."
ഡോ. ഷിനു, ജില്ലാ മെഡിക്കൽ ഓഫീസർ