neyyar

തിരുവനന്തപുരം: നെയ്യാർഡാമിലെ സഫാരി പാർക്കിൽ നിന്ന് ശനിയാഴ്ച ഉച്ചയ്‌ക്ക് ചാടിപ്പോയ പത്തുവയസുകാരി പെൺകടുവയെ പിടികൂടാൻ വനം വകുപ്പ് നടത്തിയത് ഒരു ദിവസം നീണ്ടുനിന്ന മാരത്തോൺ പരിശ്രമം.
ചികിത്സയ്‌ക്കെത്തിച്ച കടുവ ചികിത്സാകൂടിന്റെ മുകളിലത്തെ രണ്ടു ഇരുമ്പ് കമ്പി ഇളക്കി പുറത്തുചാടിയെന്ന വിവരം ആദ്യമറിഞ്ഞത് ആഹാരം കൊടുക്കാനെത്തിയ വനപാലകരാണ്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പത്ത് ഏക്കറുള്ള മരക്കുന്നം ദ്വീപിലെ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന കടുവയെ കണ്ടെത്താനായില്ല. തുടർന്നാണ് കടുവ പുറത്തു ചാടിയെന്ന അഭ്യൂഹം ഉയർന്നത്.

മരക്കുന്നം ദ്വീപിലെ സഫാരിപാർക്കിന്റെ തെക്കുഭാഗത്തുള്ള നെക്കിപ്പൽകോണത്തെ ഇരുമ്പ് വേലിക്ക് മുകളിലൂടെ കടുവ ഡാമിലേക്ക് ചാടാനുള്ള സാധ്യത നാട്ടുകാരെ പരിഭ്രാന്തരാക്കി. പാർക്കിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയതിനൊപ്പം വനം വകുപ്പിന്റെ ബോട്ടുകളും ഡാമിലൂടെ സഞ്ചാരം നടത്തി. കടുവ പാർക്കിൽ തന്നെയുണ്ടെന്ന് തിരിച്ചറിഞ്ഞ് മിനിട്ടുകൾക്കകം കക്ഷി പൊന്തക്കാട്ടിലേക്ക് മറഞ്ഞു. കൂട്ടിൽ ആട്ടിൻ കുട്ടിയെ കെട്ടി കെണിയൊരുക്കിയെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ രാവിലെയോടെ ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം എത്തി. പൊന്തക്കാട്ടിലൊളിച്ച കടുവയെ പുറത്തെത്തിക്കാനായി വനപാലകരും ആദിവാസി വിഭാഗത്തിലുള്ളവരും ചേർന്ന് മൂന്ന് സംഘമായി തിരിഞ്ഞ് തെരച്ചിൽ നടത്തി. സംഘത്തിൽ ഒരാളുടെ കൈയിൽ തോക്കും മറ്റുള്ളവരുടെ കൈയിൽ വടികളുമായിരുന്നു ആയുധം. സംഘത്തിലുള്ള യുവാക്കൾ മരത്തിന്റെ മുകളിൽ കയറിയും നിരീക്ഷിച്ചു. ഇവർക്ക് സമാന്തരമായി വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ.അനി , ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ജസ്റ്റിൻ സ്റ്റാൻലി, തിരുവനന്തപുരം ഡി.എഫ്.ഒ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡോ. അരുൺ സക്കറിയയുടെ സംഘവും മയക്കുവെടി വയ്ക്കാൻ തോക്കുമായി റോന്തുചുറ്റി.

ഉച്ചയോടെ പൊന്തക്കാട്ടിൽനിന്ന് കടുവ തുറസായ സ്ഥലത്തെത്തിയെങ്കിലും മറഞ്ഞു. കടുവയ്ക്കായുള്ള തെരച്ചിലിന് ഉച്ചക്ക് ഒന്നരയോടെ ഫലം കണ്ടു. ഉടൻ മയക്കുവെടിയുതിർത്തു. വേദനകൊണ്ടുപുളഞ്ഞ കടുവ 15 മിനിട്ടിനുള്ളിൽ ബോധരഹിതയായി. തുടർന്ന് കടുവയെ വലയ്ക്കുള്ളിലാക്കി പുതിയ ചികിത്സാ കൂട്ടിലേക്ക്‌ മാറ്റി.

'പത്തുവയസുള്ള പെൺകടുവയ്ക്ക് ശ്വാസകോശ സംബന്ധമായ

പ്രശ്നങ്ങളും ഒരു കണ്ണിന് കാഴ്ചക്കുറവുമുണ്ട്'

ഡോ. അരുൺ സക്കറിയ