കുളത്തൂർ:കൊവിഡ് കാലത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തരമായി നടത്തേണ്ട സർജറികൾ പോലും മാറ്റിവയ്ക്കുന്നത് സാധാരണക്കാരായ രോഗികളെ ദുരിതത്തിലാക്കുന്നതായി പരാതി. കൊവിഡ് രോഗികൾക്ക് പ്രഥമ പരിഗണന നൽകണമെന്ന് കർശന നിർദ്ദേശമുള്ളതിനാൽ ഡോക്ടർമാർ ഇക്കാര്യത്തിൽ നിസഹായരാണ്. ഓരോ തവണ ആശുപത്രിയിലെത്തുമ്പോഴും രോഗികൾക്ക് സർജറി ഡേറ്റ് മാറ്റി നൽകുകയാണ്. ബ്രെയിൻ ട്യൂമറുമായി കഴിയുന്ന കുളത്തൂർ പുല്ലുകാട് സ്വദേശിനി സുജാത മെഡിക്കൽ കോളേജിലെ ന്യൂറോ വിഭാഗത്തിലെ രോഗിയാണ്. കഴിഞ്ഞ വർഷം ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ അടിയന്തരമായി സർജറിക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.എന്നാൽ കൊവിഡ് വ്യാപനം കാരണം ഓരോ തവണ മെഡിക്കൽ കോളേജിലെത്തുമ്പോഴും തീയതി നീട്ടി നൽകുന്നു.ഇപ്പോൾ കാലുകളും കൈകളും തളർന്ന് അവശ നിലയിലാണ്. ഭർത്താവ് നേരത്തെ മരണമടഞ്ഞ ഈ വീട്ടമ്മ രണ്ട് പെൺകുട്ടികളുടെ മാതാവ് കൂടിയാണ്. സർജറി നടത്താൻ അടിയന്തര നടപടി കൈക്കൊള്ളാൻ ആരോഗ്യമന്ത്രി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.