കോവളം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിഴിഞ്ഞത്ത് ഇടവകയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ 32 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. കഴിഞ്ഞ 30ന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപള്ളി എന്നിവർ വിഴിഞ്ഞം ഇടവവികാരിയടക്കമുള്ള പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഭാഗമായുള്ള പോർട്ട് ഓപ്പറേഷൻ ബിൽഡിംഗ് ഉദ്ഘാടനം ചെയ്‌തതിന് പിന്നാലെ 18 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയത്. പ്രദേശവാസികൾക്കും തുറമുഖത്ത് ജോലി നൽകുക, പുലിമുട്ട് നിർമ്മാണം മൂലമുളള പ്രശ്‌നങ്ങൾ പരിഹരിക്കുക, പുനരധിവാസ പാക്കേജ് നടപ്പാക്കുക, കുടിവെള്ള പ്രശ്‌നം പരിഹരിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. കുടിവെള്ള പദ്ധതി, ഗംഗയാർ തോട് നവീകരണം, മണ്ണെണ്ണ വിതരണം എന്നീ ആവശ്യങ്ങളിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. കോട്ടപ്പുറത്തെ കുടിവെള്ള പദ്ധതിക്ക് ഒരു കോടി 74 ലക്ഷവും, മണ്ണെണ്ണ വിതരണത്തിന് നേരത്തെ അനുവദിച്ചിരുന്ന 27 കോടിക്ക് പുറമേ പുതിയ ഉത്തരവനുസരിച്ച് 7 കോടിയടക്കം 34 കോടി രൂപയും ഗംഗയാർ തോടിന്റെ നവീകരണത്തിന് 89 ലക്ഷവും അനുവദിച്ചെങ്കിലും സമരം തീർന്നില്ല. തുടർന്നാണ് മന്ത്രിമാർ ഇടവക അധികൃതരുമായി ചർച്ച നടത്തിയത്. ആവശ്യപ്പെട്ട കാര്യങ്ങൾ പരിഹരിക്കാൻ ഒരുമാസം സമയം വേണ്ടിവരുമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ സമയബന്ധിതമായി നടക്കുന്നത് വിലയിരുത്താൻ ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മിഷൻ ഉൾപ്പെട്ട ഒരു മോണിട്ടറിംഗ് കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയതായി ഇടവക വികാരി ഫാ. മൈക്കിൾ തോമസ് പറഞ്ഞു. ചർച്ചചെയ്‌ത് ബാക്കി ആവശ്യങ്ങളുടെ മിനിട്സും ഇടവകയ്‌ക്ക് നൽകി. ഇവ ജനങ്ങളെ അറിയിക്കുന്നതിന് 24 മണിക്കൂർ സമയം വേണമെന്ന് ഇടവക ആവശ്യപ്പെട്ടിരുന്നു. മോണിട്ടറിംഗ് കമ്മിറ്റിയിൽ സബ് കളക്ടർ കൺവീനറായ സമിതിയിൽ വിസിൽ, ഇടവക, ജമാഅത്ത് എന്നിവരുടെ പ്രതിനിധികൾ, മത്സ്യഫെഡ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുറമുഖ കമ്പനി പ്രതനിധികൾ ഉൾപ്പെട്ടവർ അംഗങ്ങളായിരിക്കും. 10 ദിവസത്തിലൊരിക്കൽ യോഗം ചേർന്ന് എല്ലാ പുനരധിവാസ പ്രവർത്തനങ്ങളും പരിഹരിക്കേണ്ട പ്രശ്‌നങ്ങളും നിരീക്ഷിക്കുമെന്നും ഉറപ്പുലഭിച്ചതായി ഇടവക അധികൃതർ അറിയിച്ചു.