തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തെതുടർന്ന് ബിനീഷ് കോടിയേരി നായകനായ നാമം എന്ന സിനിമയ്ക്ക് പണം മുടക്കിയവരെക്കുറിച്ച് ഇ.ഡി അന്വേഷിക്കുന്നു. തിരുവനന്തപുരം സ്വദേശി മഹേഷ് രാജാണ് സിനിമ നിർമിച്ചത്. ബിനീഷ് കോടിയേരി മുൻകൈ എടുത്ത് ഈ സിനിമയ്ക്കായി മറ്റു ചിലർ പണം മുടക്കിയതായാണ് അന്വേഷണ ഏജൻസികളുടെ സംശയം.സ്വർണക്കേസ് കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ള കാർ ഷോറും ഉടമയടക്കം ഈ സിനിമയിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും ബിനീഷിന്റെ ബിനാമി സ്ഥാപനമാണ് ഈ ഷോറൂമെന്നുമാണ് സംശയം. പ്രളയത്തിൽ തകർന്ന വീടുകൾ പുതുക്കി പണിയാനുള്ള യു.എ.ഇ കോൺസുലേറ്റിന്റെ കരാർ നേടിയതും ഈ സ്ഥാപനമായിരുന്നു.ഇ.ഡിക്ക് പുറമെ ക്രൈംബ്രാഞ്ചും സിനിമാമേഖലയിൽ അന്വേഷണം നടത്തും. ചില സിനിമകൾ കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സംശയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞവർഷം പുറത്തിറങ്ങിയ ചിത്രങ്ങളുടെ വിവരങ്ങൾ സംഘടനയിൽ നിന്ന് ശേഖരിച്ചിരുന്നു.