neyyar-edam

തിരുവനന്തപുരം : നെയ്യാർ ഡാം സഫാരി പാർക്കിലെ കൂട്ടിൽ പാർപ്പിച്ചിരുന്ന കടുവ ചാടിപ്പോയതറിഞ്ഞ് ഡാമിന്റെ പരിസര പ്രദേശങ്ങൾ പരിഭ്രാന്തിയിലായതിന് കാരണം മുൻപ് ഈ മേഖലയിൽ ഉണ്ടായ ചീങ്കണ്ണി ആക്രമണത്തിന്റെ ഓർമ്മ. പതിനഞ്ചു വർഷം മുൻപ് ഡാമിൽ അഞ്ചിലധികം പേരുടെ ജീവനെടുത്തത് ചീങ്കണ്ണി പാർക്കിൽ നിന്നും തുറന്നുവിട്ട ചീങ്കണ്ണികളുടെ ആക്രമണമായിരുന്നു. ഈ ഓർമ്മകളിൽ നിന്ന് മുക്തമാകുന്നതിനിടയിലാണ് സഫാരി പാർക്കിൽ നിന്നും കടുവ പുറത്തുചാടി ജനവാസമേഖലയിലെത്തിയെന്ന വ്യാജവാർത്ത പരന്നത്. ഇതോടെ ജനം ഭയചകിതരായി. ഡാമിൽ കുളിക്കാനും തുണിയലക്കാനുമെത്തിയവരുടെ ജീവനാണ് മുൻപ് ചീങ്കണ്ണി കവർന്നത്.

മരക്കുന്നം സ്വദേശിയായ കൃഷ്ണമ്മപിള്ള എന്ന സ്ത്രീയാണ് ആദ്യം ആക്രമിക്കപ്പെട്ടത്. ഡാം റിസർവോയറിനോട് ചേർന്ന് താമസിക്കുന്ന ഇവർ തുണി അലക്കാൻ ഇറങ്ങുന്നതിനിടെ ചീങ്കണ്ണി ഇവരുടെ വലതുകൈ കടിച്ചുപറിക്കുകയായിരുന്നു. ഭാഗ്യംകൊണ്ട് ജീവൻ നഷ്ടമായില്ല. പിന്നീട് പന്ത, അമ്പൂരി, മായം തുടങ്ങിയ മേഖലകളിലായി അഞ്ചുപേരുടെ ജീവൻ ചീങ്കണി ആക്രമണത്തിൽ നഷ്ടപ്പെട്ടു. വളർത്തുമൃഗങ്ങളും കൊല്ലപ്പെട്ടു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രത്യേക ടീമുണ്ടാക്കിയാണ് ചീങ്കണ്ണികളെ വലയിലാക്കിയത്. പത്തിലധികം ചീങ്കണ്ണികളെയാണ് ഇത്തരത്തിൽ പിടികൂടിയത്. ഈ ഓർമ അവസാനിക്കുന്നതിന് മുൻപാണ് ഇവിടെ കടുവയും ഭീതി പടർത്തിയത്.