vinson

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർക്കും ജോയിന്റ് രജിസ്ട്രാർക്കും വിവരാവകാശ നിയമത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നൽകണമെന്ന് ഉത്തരവിട്ട് മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൺ എം. പോൾ. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് മറുപടി നൽകേണ്ടവർ നിരുത്തരവാദപരമായി പെരുമാറുകയാണെന്നും കമ്മിഷണർ കുറ്റപ്പെടുത്തി.

സർവകലാശാലയിൽ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് മറുപടി നൽകേണ്ടത് രജിസ്ട്രാറും, ജോയിന്റ് രജിസ്ട്രാറും ബന്ധപ്പെട്ട കീഴുദ്യോഗസ്ഥരുമാണ്. ഇവർ തികഞ്ഞ ലാഘവത്തോടെയാണ് അപേക്ഷകൾ കൈകാര്യം ചെയ്യുന്നതെന്ന് മനശാസ്ത്ര വിഭാഗം മേധാവിയായി 2018 മാർച്ചിൽ വിരമിച്ച പ്രൊഫ.ഇമ്മാനുവൽ തോമസ് പരാതി നൽകി. ഡോ. ഇമ്മാനുവൽ തോമസിനെ കാരണം കാണിക്കാതെയും വിശദീകരണം നൽകാതെയും , മുൻപ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സ്ഥലത്തും കാര്യവട്ടത്തെ യൂണിവേഴ്‌സിറ്റി കാമ്പസിലും കയറുന്നതിൽ നിന്നും വിലക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്ക് മറുപടിയായി, ചോദ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് നൽകിയത്. ശരിയായ ഉത്തരങ്ങൾ നൽകുന്നതിൽ നിന്നും അധികൃതർ ഒഴിഞ്ഞുമാറി.ഇതിന്റെ അടിസ്ഥാനത്തിലാണ് ബോധവൽക്കരണ ക്ലാസ് നടത്താൻ വൈസ് ചാൻസലർക്ക് നിർദേശം നൽകിയത്.

ജോയിന്റ് രജിസ്ട്രാർ വിവരാവകാശ നിയമത്തിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്ന തരത്തിൽ ഗുരുതരമായ ചട്ട ലംഘനം നടത്തിയതായും കണ്ടെത്തി. ശിക്ഷാ നടപടികൾ ഒഴിവാക്കാൻ തക്കതായ കാരണങ്ങളുണ്ടെങ്കിൽ 15 ദിവസത്തിനകം കമ്മിഷൻ മുമ്പാകെ ബോധിപ്പിക്കണം.