തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സുരക്ഷാ ചുമതല ഇന്നലെ സംസ്ഥാന വ്യവസായ സുരക്ഷ സേനയ്‌ക്ക് കൈമാറി. സമരക്കാർ സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ച് കയറുന്നത് ഉൾപ്പടെയുള്ള സുരക്ഷാ വീഴ്‌ചകളുടെ പശ്ചാത്തലത്തിലാണ് നടപടി. സെക്രട്ടേറിയറ്റിലെ സുരക്ഷാ ചുമതലയുള്ള സെക്യൂരിറ്റി വിഭാഗത്തിൽ നിന്നും സുരക്ഷയുടെ പൂർണ ചുമതല എസ്.ഐ.എസ്.എഫ് ഇന്നലെ ഔദ്യോഗികമായി ഏറ്റെടുത്തു. ആദ്യഘട്ടത്തിൽ 30 സായുധ സേനാംഗങ്ങളാണ് ഇന്നലെ സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്കെത്തിയത്. എസ്.ഐ.എസ്.എഫ് കമാൻഡന്റ് ഇൻ ചീഫ് സോളമനാണ് ഇതിന്റെ പൂർണ ചുമതല. 81 പേരടങ്ങുന്ന സായുധ പൊലിസ് സംഘത്തിൽ 9 വനിതാ പൊലീസുമുണ്ട്. നിലവിൽ ചുമതലയുണ്ടായിരുന്നവരും കൂടി ഇവർക്കൊപ്പമുണ്ടാകും. മന്ത്രിമാരടക്കം വി.ഐ.പികൾക്ക് പ്രവേശിക്കുന്നതും പോകുന്നതും പ്രത്യേക ഗേറ്റ് വഴിയാക്കി. വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെത്തുന്നവർക്ക് പ്രവേശനം വേറെ വഴിയിലൂടെയായിരിക്കും. ഇങ്ങനെ എത്തുന്നവരെ സുരക്ഷാ ജീവനക്കാർ അനുഗമിക്കും. പ്രവേശനത്തിനായി പാസ്, സ്‌കാനർ, എന്നിവയും പഴുതടച്ച സുരക്ഷയ്‌ക്കായി സിസി ടിവി, ലൈറ്റുകൾ, ആധുനിക സംവിധാനങ്ങളും എന്നിവയും നിലവിൽ വരും. അഗ്നിസുരക്ഷാ സംവിധാനങ്ങൾ കൂടുതൽ പരിഷ്‌കരിക്കും. കൂടുതൽ സുരക്ഷ വേണോ എന്ന കാര്യത്തിൽ എസ്.ഐ.എസ്.എഫ് പരിശോധിച്ച് റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും സമർപ്പിക്കും. പരിഷ്‌കരണങ്ങളുടെ ഭാഗമായി പ്രധാന ഗേറ്റായ കന്റോൺമെന്റ് ഗേറ്റ് 27 ലക്ഷത്തിലധികം രൂപ ചെലവിട്ട് പുതുക്കിപ്പണിയും.