bineesh-kodiyerii

ബംഗളുരു: താൻ ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്ന് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിക്കുന്നുവെന്ന് ബിനീഷ് കോടിയേരി. നഗരത്തിലെ സ്വകാര്യ സ്കാനിംഗ് സെന്ററിൽ സ്കാനിംഗിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് ബിനീഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കേസിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ബിനീഷ് പ്രതികരിച്ചിരുന്നില്ല.അതേസമയം ബിനീഷിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ദീർഘനേരം ചോദ്യം ചെയ്യലിനായി ഇരുന്നതിലുള്ള വേദനയാണെന്നും ഇ.ഡി വ്യക്തമാക്കി. ചോദ്യംചെയ്യൽ അവസാനിപ്പിച്ച് സ്റ്റേറ്റ്മെന്റുകളിൽ ഒപ്പിടിക്കാനായി ഇഡി ബിനീഷിനെ ഓഫീസിലേക്ക് കൊണ്ടുപോയി. ബിനീഷിനെ കാണാനായി ആശുപത്രിയില്‍ സഹോദരൻ ബിനോയും അഭിഭാഷകരും എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. തുടര്‍ന്ന് വാക്കുതര്‍ക്കമായി. ഇന്ന് ഉച്ചയോടെ ബിനീഷിനെ ഇ.ഡി കോടതിയിൽ ഹാജരാക്കും.

ബിനീഷിന്റെ ആരോഗ്യ വിവരങ്ങൾ ഇ.ഡി നൽകുന്നില്ലെന്ന് അഭിഭാഷകൻ രഞ്ജിത്ത് ശങ്കർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ഇ.ഡി അറിയിച്ചില്ല. എന്താണ് ആരോഗ്യ പ്രശ്നമെന്നോ ചികിൽസയെന്നോ വ്യക്തമാക്കുന്നില്ല. സുപ്രീംകോടതി മാനദണ്ഡങ്ങൾ ഇ.ഡി ലംഘിക്കുകയാണ്. കസ്​റ്റഡി മർദനം ഉണ്ടായെന്നും അഭിഭാഷകൻ ആരോപിച്ചു.