cpm

തിരുവനന്തപുരം: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) ബദൽ സർക്കാരാകാൻ ശ്രമിക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ. സ്വർണക്കടത്ത് കേസിലും ബിനീഷ് കോടിയേരിയുടെ അറസ്റ്റിലും സർക്കാരിനെതിരെയുള്ള പ്രചാരണങ്ങൾക്കെതിരെ പ്രതിരോധമുയർത്തി സി.പി.എം വഞ്ചിയൂരിൽ സംഘടിപ്പിച്ച ജനകീയ കൂട്ടയ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടെ എന്നുതന്നെയാണ് നിലപാട്.
അന്വേഷണത്തിന്റെ പേരിൽ ജനക്ഷേമ പദ്ധതികൾ സ്തംഭിപ്പിക്കാനാകുമോ എന്നാണ് നോക്കുന്നത്. പദ്ധതികൾ തടയാൻ ശ്രമിച്ചാൽ ചെറുക്കും. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെട്ട് ബദൽ സർക്കാരാകാനുള്ള ശ്രമം അനുവദിക്കില്ല. അന്വേഷണ ഉദ്യോഗസ്ഥൻ രാഷ്ട്രീയ ഉന്നംവച്ച് വന്നാൽ നേരിടും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് പറഞ്ഞതിൽ അവസാനിക്കേണ്ടതായിരുന്നു വിവാദങ്ങൾ. എന്നാൽ തെളിവ് നിർമിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘങ്ങൾ. ദിവസവും സർക്കാരിനെതിരെ ഓരോ വാർത്തയാണ് ഉണ്ടാക്കുന്നത്. കള്ളപ്രചാരവേലയിലൂടെ എൽ.ഡി.എഫ് സർക്കാരിനെ ക്രൂശിക്കാൻ ഭൂരിപക്ഷം മാദ്ധ്യമങ്ങളും പിന്തുണ നൽകുകയാണ്. സർക്കാരിനെ ദുർബലപ്പെടുത്താനാണ് സി.ബി.ഐയും ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ അനുവാദമില്ലാതെ പ്രവേശിക്കാനാകാത്ത സി.ബി.ഐ സർക്കാരിനെ തകർക്കാനുള്ള വഴികളാണ് തേടുന്നത്. സംസ്ഥാനം ആവശ്യപ്പെട്ട കേസ് അന്വേഷിക്കാൻ സി.ബി.ഐക്ക് താത്പര്യമില്ല. ടൈറ്റാനിയം കേസ് എന്തായി. മാറാട് കേസ് സി.ബി.ഐ ഏറ്റെടുത്തിട്ട് ഒരു അന്വേഷണവും നടന്നിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് മുള്ളപ്പള്ളി രാമചന്ദ്രന്റെ ഉള്ളിലെ സ്ത്രീ വിരുദ്ധ നിലപാടാണ് പുറത്തുവന്നത്. കേട്ടാലറയ്ക്കുന്ന പരാമർശമാണ്. നാക്ക് പിഴയല്ല. എത്ര തവണയാണ് മാപ്പ് പറയുക. മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.