തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ അന്വേഷണത്തിന് സിബിഐക്ക് അധികാരമില്ലെന്ന് കാട്ടി നിയമപോരാട്ടം നടത്തിയതിന് സമാനമായി, നാല് വൻ പദ്ധതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണത്തിന് അധികാരമില്ലെന്ന വാദവുമായി സർക്കാർ. സർക്കാരിന്റെ വൻ വികസന പദ്ധതികൾ തകർക്കാനും അട്ടിമറിക്കാനുമാണ് ശ്രമം. കള്ളപ്പണം, ബിനാമി ഇടപാടുകളിലെ അന്വേഷണം നടത്താനേ ഇ.ഡിക്ക് അധികാരമുള്ളൂ. അധികാര പരിധി മറികടന്ന് സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് അന്വേഷിക്കുന്നതിനെതിരെ കടുത്ത നിലപാടെടുക്കും. ഇ.ഡിയുടെ അന്വേഷണത്തിന് നിയമ സാധുതയില്ല. ഇ.ഡി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുന്നതും ഇ.ഡിക്കെതിരെ കോടതിയെ സമീപിക്കുന്നതും പരിഗണനയിലുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തിനായി ഇ.ഡിയെ ഉപയോഗിക്കുകയാണെന്ന് സർക്കാർ പറയുന്നു. എന്നാൽ ഈ പദ്ധതികളുടെ തലപ്പത്തുണ്ടായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കോഴയിടപാടുകളുടെ വിവരം കിട്ടിയതിനെത്തുടർന്നാണ് പദ്ധതികളുടെ വിവരം തേടിയതെന്ന് ഇ.ഡി പറയുന്നു.