തിരുവനന്തപുരം: സംസ്ഥാനത്തെ ബീച്ചുകളും പാർക്കുകളും ഇന്നലെ തുറന്നതോടെ ടൂറിസം മേഖലയിൽ ഉണർവ്. തലസ്ഥാനത്തെ പ്രധാന ബീച്ചുകളായ കോവളം, ശംഖുമുഖം എന്നിവിടങ്ങളിൽ നല്ല തിരക്കായിരുന്നു. സമാന അനുഭവമായിരുന്നു മറ്റു ബീച്ചുകളിലും. എന്നാൽ ഒൻപത് ജില്ലകളിൽ 15 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സംസ്ഥാനത്തെ ചില ബീച്ചുകളിൽ പ്രവേശനം അനുവദിക്കാത്തത് സഞ്ചാരികളും അധികൃതരും തമ്മിലുള്ള വാക്കുതർക്കത്തിനിടയാക്കി.
ബീച്ചുകൾ തുറക്കുകയും നിരോധനാജ്ഞ പാലിക്കാൻ നിർബന്ധിതരാകുകയും ചെയ്തതോടെ പൊലീസ് ഉദ്യോഗസ്ഥരും ധർമ്മസങ്കടത്തിലാണ്. അടുത്ത ദിവസങ്ങളിൽ നിയന്ത്രണം എങ്ങനെയാകണമെന്ന് ആലോചിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒക്ടോബർ പത്തു മുതൽ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും കായൽ ടൂറിസവും തുറന്നെങ്കിലും അധികം തിരക്കുണ്ടായില്ല. പുരവഞ്ചികൾ, വ്യക്തിഗത ബോട്ടിംഗ്, സാഹസിക ടൂറിസം, മലയോര ടൂറിസം കേന്ദ്രങ്ങൾക്കാണ് നേരത്തെ അനുമതി നൽകിയത്.