തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ലാവിഭാഗം ഡോക്‌ടർമാരെയും കൊവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ നിർദേശം നൽകി. ഭൂരിഭാഗം വകുപ്പുകളിലെയും ഡോക്ടർമാർ കൊവിഡ് ഡ്യൂട്ടിയോട് സഹകരിക്കുന്നില്ലെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. കളക്ടർ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടെങ്കിലും കാര്യമായ മാറ്റം ഉണ്ടാകാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ കർശന നിർദേശം. കൊവിഡ് രോഗികളുടെ എണ്ണംവർദ്ധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു മന്ത്രി. ആവശ്യാനുസരണം താത്ക്കാലിക ജീവനക്കാരെ അടിയന്തരമായി നിയമിക്കും. നിലവിൽ കൊവിഡ് ചികിത്സയ്ക്കായി കിടക്കകൾ, ഐ.സി.യു, വെന്റിലേറ്റർ എന്നിവ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. കൊവിഡ് ഇതര രോഗികൾക്കും ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി, ജോ. ഡയറക്‌ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് എന്നിവരുൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.