ചിറ്റൂർ: കുന്നങ്കാട്ടുപ്പതിയിൽ കുളംനവീകരണത്തിന്റെ മറവിൽ കളിമൺകടത്ത് സംഭവം മന്ത്രിസഭയുടെ പരിഗണനയിൽ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ കർഷകർക്ക് മണ്ണ് ലഭ്യമാകുന്നതിനുള്ള നിയമതടസം നീക്കി സർക്കാർ ഉത്തരവ് ഇറക്കുമെന്നാണ് സൂചന. കൂടാതെ ദേവസ്വം ബോർഡിന് കീഴിലുള്ള കുളം നവീകരിക്കാൻ ടെൻണ്ടർ നല്കിയതിൽ സർക്കാറിനും പഞ്ചായത്തിനും ഭീമമായ നഷ്ടം സംബന്ധിച്ച് അന്വേഷണം നടത്താനും തീരുമാനിക്കുമെന്നാണ് അറിയുന്നത്.
മണ്ണ് എടുക്കുന്നതിന് ജിയോളജി വകുപ്പിന്റെയും പഞ്ചായത്തിന്റെയും പാസുകൾ വേണമെന്ന നിയമത്തിൽ ഇളവുകൾ അനുവദിച്ചാൽ അത് കർഷകർക്ക് ഏറെ ഗുണംചെയ്യും. കളിമണ്ണ് തൃശൂർ, എറണാകുളം ജില്ലകളിലെ ഓട്ടുകമ്പനികളിലേക്ക് വൻ തുകയ്ക്ക് വിറ്റഴിക്കാനാണ് കരാറുകാർ ശ്രമിച്ചത്. ഇതാണ് മണ്ണ് റനനവും കടത്തും പ്രദേശവാസികൾ തടയാൻ കാരണം. മണ്ണ് കടത്ത് വിവാദമായതോടെ ഒരാഴ്ചയായി കരാറുകാർ പ്രവർത്തികൾ നിറുത്തിവച്ചിരിക്കുകയാണ്. പഞ്ചായത്ത് ടെൻണ്ടർ നല്കിയതിലും അന്യജില്ലക്കാർ ടെൻഡർ എടുത്തതിലും ദുരൂഹത ഉണ്ടെന്ന് പ്രദേശവാസികളായ കരാറുകാർ തന്നെ പറയുന്നു. സംഭവം വിവാദമായിട്ടും ടെൻഡർ നല്കിയതിന്റെ സുതാര്യത ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞില്ല. കുളം നവീകരണത്തിന്റെ മറവിൽ കളിമൺ ലോബികൾ കോടികൾ തട്ടിയെടുക്കുന്നത് ഉന്നത ഉദ്യേഗസ്ഥരുടെയും അറിവോടെയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.