ചെറുതോണി: ആടുകളെ വാങ്ങാനെത്തി വിലപറഞ്ഞ ശേഷം പിന്നീടെത്തി മോഷ്ടിച്ചുകൊണ്ടുപോകുന്ന സംഘത്തെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം ഏറാനല്ലൂർ വില്ലേജിൽ കാലാംപൂര് ചിറപ്പടി കണ്ടത്തിൽ മുഹമ്മദ് കൊന്താലം (50), സുഹൃത്തുക്കളായ വലിയപറമ്പിൽ അനസ് അലിയാർ (36), മുളവൂർ വില്ലേജിൽ വാഴപ്പിള്ളി നിരപ്പ് വട്ടാളയിൽ ഷൈജൻ ഹസൻ (34) എന്നിവരെയാണ് കഞ്ഞിക്കുഴി പൊലീസ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെ പഴയരിക്കണ്ടത്ത് നിന്ന് വീട്ടുകാർ തൊഴിലുറപ്പിനു പോയിരുന്ന നേരത്ത് ആട്ടിൻകൂട്ടിൽ കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെയാണ് സംഘം മോഷ്ടിച്ചത്. ഒന്നാംപ്രതിയായ മുഹമ്മദ് ബൈക്കിലെത്തി വീടുകളിൽ നിന്ന് ആടുകളെ വിലപറഞ്ഞ് വാങ്ങും. വിലചേരാതെ കച്ചവടം ഒഴിവാകുന്നതിനെ ആളുകളില്ലാത്ത സമയംനോക്കി മോഷ്ടിക്കും. രണ്ട് ആടുകളെ ഇവർ പഴയരിക്കണ്ടത്ത് നിന്ന് അമ്പതിനായിരം രൂപ വിലക്ക് വാങ്ങി. ഇതേ വലുപ്പമുള്ള രണ്ട് ആടുകളെയാണ് ഇവർ മോഷ്ടിച്ചത്. ആടുകളെ കടത്തിക്കൊണ്ടുപോകാൻ സുഹൃത്തുക്കൾ ഓമിനി വാനുമായി എത്തും. ഇങ്ങനെ വാനിൽ കയറ്റിക്കൊണ്ടുപോയ ആടുകളെ വീട്ടുകാരുടെ പരാതിയെ തുടർന്ന് വൈകുന്നേരത്തോടെ മുള്ളരിങ്ങാട് ചാത്തമറ്റത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഞ്ഞിക്കുഴി സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വണ്ണപ്പുറം ഭാഗത്ത് താമസിക്കുന്നുണ്ട്. വീട്ടിലുണ്ടായിരുന്ന ഈ ഉദ്യോഗസ്ഥനെ സ്റ്റേഷനിൽ നിന്ന് വിളിച്ചറിയിച്ചു. ഇദ്ദേഹം നാട്ടുകാരെ കൂട്ടി പ്രതികളെ തടഞ്ഞുവച്ചു. സ്റ്റേഷനിൽ നിന്ന് പൊലീസെത്തിയപ്പോൾ ഒന്നാം പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് മൽപിടുത്തത്തിലൂടെ പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതികളെയും ആടുകളെയും വാനും ബൈക്കും ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തു. കഞ്ഞിക്കുഴി സി.ഐ മാത്യു ജോർജിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ കെ.ജി തങ്കച്ചൻ, പോലീസ് ഉദ്യോഗസ്ഥരായ എ.ജെ. ജയൻ, എം. ജോബി, രമണൻ, പി.കെ ജനിൽ, ബിനു സെബാസ്റ്റിയൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.