പാലോട്: ജില്ലാ പഞ്ചായത്ത് മൂന്ന് കോടി ചെലവഴിച്ച് പെരിങ്ങമ്മല പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സ്‌പോർട്സ് ഹബ് ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ളതും 10,000 ചതുരശ്രഅടി വിസ്‌തീർണമുള്ളതുമായ മൾട്ടി പർപ്പസ് സ്റ്റേഡിയത്തിൽ വോളിബാൾ, കബഡി, ഷട്ടിൽ, ടെന്നീസ്, ക്രിക്കറ്റ്, മിനി ജിംനേഷ്യം എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. ആധുനിക രീതിയിൽ പൂർത്തിയായ സ്റ്റേഡിയമാണ് പെരിങ്ങമ്മലയിലേത്. പി.വി.സി ഫ്ലോറിംഗ് ചെയ്‌ത ബാഡ്മിന്റൺ കോർട്ട്, ടെന്നീസ് കോർട്ട്, തടി പാകിയ വോളിബാൾ കോർട്ട്, ബാസ്കറ്റ് ബാൾ കോർട്ടുകൾ എന്നിവ ശ്രദ്ധേയമാണ്. ക്രിക്കറ്റ് പ്രാക്ടീസിനുള്ള പിച്ചും അന്താരാഷ്ട്ര നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്. വീഡിയോ കോൺഫറൻസ് ഹാൾ, പരിശീലനം ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവയും സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാർക്കറ്റിനോട് ചേർന്ന് 50 സെന്റ് സ്ഥലത്ത് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ഇൻഡോർ സ്റ്റേഡിയവും സ്‌പോർട്സ് ഹബും പൂർത്തീകരിച്ചത്.