g

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും വറ്റ ചാകര. കഴിഞ്ഞ സെപ്തംബറിന് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ വലയിൽ ഇത്രയധികം വറ്റ മീനുകൾ കുടുങ്ങുന്നത്. മുതലപ്പൊഴിയിലെ താഴംപള്ളി ലേലപ്പുര കേന്ദ്രീകരിച്ചാണ് 6 ബോട്ടുകളിലായി ലക്ഷങ്ങൾ വിലമതിക്കുന്ന മത്സ്യം ശനിയാഴ്ച വൈകിട്ടോടെ തീരത്തെത്തിച്ചത്. ലേലപ്പുരയിൽ കുന്നുക്കൂട്ടിയിട്ടിരിക്കുന്ന മീൻ കാണാനും വാങ്ങുന്നതിനുമായി വൻ ജനക്കൂട്ടമാണ് എത്തിയത്. കിലോയ്ക്ക് 125 മുതൽ 150 രൂപ നിരക്കിലായിരുന്നു വില്പന. ഓരോമീനും ഏഴുകിലോയ്ക്ക് മുകളിൽ തൂക്കമുണ്ടായിരുന്നു. രാത്രി വൈകിയും വിപണനം അവസാനിച്ചില്ല. വിവരമറിഞ്ഞ് നിരവധി സ്ഥലങ്ങളിൽ ആളുകൾ മത്സ്യം വാങ്ങാൻ എത്തിയിരുന്നു.