valsa-kumar

കൊയിലാണ്ടി: ഫോട്ടോ ഫ്രെയിമുകൾക്ക് വേണ്ടി അലഞ്ഞ് നടന്ന കഴിഞ്ഞ ദിവസം അന്തരിച്ച കീഴലത്ത് വത്സകുമാർ ഫ്രെയിമുകൾക്കപ്പുറത്ത് ജീവിച്ച കലാകാരനും ഫുട്‌ബാളറുമായിരുന്നു. കലാകാരനും ഫുട്‌ബാളറുമായ അപൂർവ്വ സിദ്ധിയായിരുന്നു അദ്ദേഹത്തിൽ സമ്മേളിച്ചത്. മലയാളിക്ക് ഫോട്ടോഗ്രാഫി അത്ര പരിചയമില്ലാത്ത കാലത്താണ് അദ്ദേഹം പൈതൃകമായി കിട്ടിയ സർഗ്ഗാത്മകതയുമായി ഈ രംഗത്ത് അടയാളപ്പെട്ടത്.

തന്റെ പിതാവ് ബാലൻ 1954 കൊയിലാണ്ടിയിൽ തുടങ്ങിയ എം പീസ് സ്റ്റുഡിയോവിലൂടെയാണ് അദ്ദേഹവും ഫോട്ടോഗ്രാഫിയിലേക്ക് കടന്നുവന്നത്. വൈദ്യുതി നിലയ്ക്കുമ്പോൾ സ്റ്റുഡിയോവിലെ ഗ്ലാസ് ഓടിന്റെ സൂര്യ വെളിച്ചത്തിൽ ഫിലിം ഡവലപ്പ് ചെയ്തു. പ്രിന്റ് അടിക്കുന്നതിൽ അതി സമർത്ഥനായിരുന്നു വത്സകുമാർ. കോഴിക്കോട് അമർ സേട്ട് നാഗ് ജി ടൂർണ്ണമെന്റിലും സന്തോഷ് ട്രോഫി അരങ്ങേറിയപ്പോഴും പത്രങ്ങൾക്കായി കളിയിലെ ഉജ്ജ്വല മുഹൂർത്തങ്ങൾ അദ്ദേഹം പകർത്തിയിരുന്നു.

വത്സകുമാറിന്റെ കാൽ പന്തുകളിയെ പറ്റി സ്‌പൈ മോക്ക് കോരപ്പുഴ പ്രസിഡന്റ് വി.എം മോഹനൻ പറയുന്നു:

എന്റെ ഹൈ സ്‌കൂൾ കാലഘട്ടത്തിൽ എലത്തൂർ സി.എം.സി മൈതാനിയിൽ ഫുട്ബാൾ, ടൂർണ്ണമെന്റ് നടക്കാറുണ്ടായിരുന്നു. കോരപ്പുഴ ടീമിന്റെ മുന്നേറ്റ നിരയിൽ വത്സകുമാർ അതി സുന്ദരമായി കളിക്കുന്ന കാഴ്ച ഇന്നും എന്റെ കൺമുമ്പിൽ കാണുകയാണ്. തന്റെ പ്രതിഭയെ ധൂർത്തടിക്കുകയായിരുന്നു വത്സ കുമാർ. ഫ്രെയിമുകൾക്കകത്ത് ജീവിക്കാൻ ഒരിക്കലും അദ്ദേഹം കൂട്ടാക്കിയില്ല. വേഷത്തിലും ചിന്തയിലും പ്രവർത്തിയിലും അസാധാരണത്വവുമായി നഗരത്തിലൂടെ നടന്നു നീങ്ങുന്ന വത്സകുമാർ കാണുന്നവർക്ക് ഒരു പ്രഹേളികയായിരുന്നു. തന്റെ ഇടം കണ്ടത്താനുള്ള ഒരന്വേഷണം. ഒടുവിൽ കൊയിലാണ്ടിയിൽ സ്വന്തമായി സ്റ്റുഡിയോ തുടങ്ങി. സ്വതസിദ്ധമായ അനുസരണക്കേട് അതും തർത്തു. ജീവിതത്തിന്റെ സായാഹ്നത്തിൽ കണ്ണൂരിലെ കുടുംബത്തിലേക്ക് ചേക്കേറി. കഴിഞ്ഞ ദിവസം കണ്ണൂരിൽ വെച്ച് വത്സകുമാർ എന്ന കുമാരൻ കാലത്തിന്റെ യവനികയിലേക്ക് മറഞ്ഞു.