ആലക്കോട്: വലതു മുന്നണിയിൽ ആയിരിക്കുമ്പോഴും കേരളാ കോൺഗ്രസ് (എം)നെ അകമഴിഞ്ഞ് സഹായിച്ചിരുന്ന ഇടതുപക്ഷത്തിന് ഒടുവിൽ ഉദയഗിരി പഞ്ചായത്ത് ഭരണം ലഭിക്കുമെന്ന പ്രതീക്ഷ. കഴിഞ്ഞ പത്ത് വർഷമായി യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് ജോസ് പക്ഷത്തിന്റെ വരവോടെ ഇടതുപാളയത്തിൽ എത്തിയേക്കുമെന്ന് കരുതുന്നത്. കഴിഞ്ഞ ദിവസം നടന്ന സീറ്റ് ചർച്ചയിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് നല്ല പരിഗണന നൽകി. 15 വാർഡുകളിൽ 10 സീറ്റുകളിൽ സി.പി.എം മത്സരിക്കുമ്പോൾ 4 സീറ്റുകളിൽ കേരളാകോൺഗ്രസും ഒരു സീറ്റിൽ സി.പി.ഐയും മത്സരിക്കാനാണ് ധാരണ.
യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോൾ കേരളാകോൺഗ്രസിന് മൂന്ന് സീറ്റുകളാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിലാണ് ഭരണം നഷ്ടമായത്. യു.ഡി.എഫിന് 8 സീറ്റുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫിന് ആറും ബി.ജെ.പിക്ക് ഒന്നും സീറ്റുകളിലാണ് വിജയിക്കാനായത്. മിക്ക വാർഡുകളിലും നേരിയ ഭൂരിപക്ഷത്തിനായിരുന്നു സ്ഥാനാർഥികളുടെ വിജയം. എന്നാൽ ഒറ്റയ്ക്ക് മത്സരിച്ച ബി.ജെ.പി ഒരു സീറ്റിൽ വിജയിക്കുകയും മറ്റൊരു വാർഡിൽ 4 വോട്ട് വ്യത്യാസത്തിന് പരാജയപ്പെടുകയും ചെയ്തത് ഇരു മുന്നണികൾക്കും ഇത്തവണ കടുത്ത വെല്ലുവിളി സൃഷ്ഠിക്കുമെന്നുറപ്പായിരിക്കുകയാണ്.
യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോൾ പല അവസരങ്ങളിലും എൽ.ഡി.എഫിന്റെ പിന്തുണയോടെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനും അട്ടിമറി വിജയം നേടാനും കേരളാ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത് പോലും ഇത്തരമൊരു നീക്കത്തിലൂടെയായിരുന്നു. മലയോര പഞ്ചായത്തുകളായ ഉദയഗിരി, ആലക്കോട് എന്നിവിടങ്ങളിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് നല്ല വേരോട്ടമുള്ളതിനാൽ ഇവിടെ രണ്ടിടത്തും പ്രതീക്ഷിച്ചതിൽ കൂടുതൽ സീറ്റുകൾ വിട്ടുകൊടുക്കാനും സി.പി.എം തയ്യാറായി. കോൺഗ്രസിലെ ഗ്രൂപ്പ് പോരും ഇവിടെ തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് എൽ.ഡി.എഫ് കണക്കു കൂട്ടുന്നു.
കുടക് വനാതിർത്തിയോടു ചേർന്നു കിടക്കുന്ന ഉദയഗിരി ഗ്രാമപഞ്ചായത്തിൽ ഓരോ തിരഞ്ഞെടുപ്പുകളിലും വീറുറ്റ മത്സരമാണ് നടന്നിട്ടുള്ളത്. കേരളാകോൺഗ്രസ് തങ്ങൾക്കൊപ്പമില്ലെങ്കിലും ഭരണം നിലനിറുത്താൻ കഴിയുമെന്ന ആത്മവിശ്വായത്തിലാണ് യു.ഡി.എഫ് നേതൃത്വം. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ സ്ഥാനാർഥി നിർണ്ണയവും കൂടി പൂർത്തിയാക്കാനൊരുങ്ങുകയാണ് ഇരുമുന്നണികളും.