survey

ചിറയിൻകീഴ്: കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കൽ ആൻഡ് എക്കണോമിക് ഡിപ്പാർട്ട്മെന്റിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന ഏഴാമത് സാമ്പത്തിക സർവേ അഴൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. അഴൂർ ഗ്രാമപഞ്ചായത്ത് സർവേ ഗ്രാമപഞ്ചായത്ത് പ്രസി‌‌ഡന്റ് ടി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ചെറുകിട, വൻകിട, കുടിൽ വ്യവസായങ്ങൾ തുടങ്ങി എല്ലാവിധ സ്വയം തൊഴിൽ സംരംഭങ്ങളുടെയും വിവരശേഖരം നടത്തുക എന്നതാണ് സർവേയുടെ ലക്ഷ്യം. എല്ലാ സംരംഭകരുടെയും ഉടമസ്ഥത, മൂലധനം, മാനവവിഭവം, രജിസ്ട്രേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് സർവേയിൽ ശേഖരിക്കുക. അഴൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വാ‌ർഡുകളിലും സർവേ ആരംഭിച്ചു കഴിഞ്ഞു. ആദ്യ സർവേ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ നിന്നാണ് ആരംഭിച്ചത്. ചടങ്ങിൽ തിരുവനന്തപുരം കോ-ഓർഡിനേറ്റർ രഞ്‌ജു രാജേന്ദ്രൻ, സൂപ്പർവൈസർ സാബുലാൽ, എന്യൂമറേറ്റർ മായ എന്നിവർ പങ്കെടുത്തു.