കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ പത്താം നമ്പർ അങ്കണവാടിയിലെ കുട്ടികളുടെ ദുരിതത്തിന് പരിഹാരമായി. ഒരു തകര ഷെഡിലെ വരാന്തയിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്.
കയർതൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കളാണ് ഇവിടെ പഠിക്കുന്നത്.
സ്ഥലമില്ലാത്തത് കാരണം അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഈ ദുരിതം കേരള കൗമുദി പലതവണ വാർത്തയാക്കിയിരുന്നു. കുരുന്നുകളുടെ ദുരിതാവസ്ഥ ഗ്രാമപഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ബ്ളോക്ക് പഞ്ചായത്തിലെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി നാല് സെന്റ് പുരയിടം അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിന് വാങ്ങി നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഐ.സി.ഡി.എസ് സഹകരണത്തോടുകൂടിയാണ് കെട്ടിടം നിർമ്മിച്ചത്.
അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ അദ്ധ്യക്ഷ വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ബ്ളോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലിജാബോസ്, രാജലക്ഷ്‌മി, ജ്യോതിജയറാം, തൊഴിലുറപ്പ് പദ്ധതി എൻജിനിയർ ഷംനാദ്. എസ്, ഓവർസിയർ പ്രമോദ് പി.എസ്, ബി.എൻ. സൈജു രാജ്, എൽ. സ്കന്ദ കുമാർ, ഷെറിൻ ജോൺ, കായിക്കര അശോകൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എസ്. പ്രവീൺ ചന്ദ്ര സ്വാഗതം പറഞ്ഞു.