kerala-

ഭരണ മികവിനുള്ള ഒന്നാംസ്ഥാനം കേരളം തുടർച്ചയായി നാലാം തവണയും കരസ്ഥമാക്കിയ അഭിമാനകരമായ വാർത്ത രാഷ്ട്രീയ വിവാദങ്ങളിൽ മുങ്ങിപ്പോയത് സങ്കടകരമായ കാര്യമാണ്. മലയാളികൾക്കാകമാനം അഭിമാനിക്കാവുന്നതാണ് ബംഗളൂരുവിലെ പബ്ളിക് അഫയേഴ്സ് സെന്റർ വസ്തുനിഷ്ഠമായ വിലയിരുത്തലുകൾക്കു ശേഷം നൽകുന്ന ഈ ബഹുമതി. സംസ്ഥാനങ്ങളെ വലിപ്പമനുസരിച്ച് രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പഠനവിധേയമാക്കിയത്. രണ്ടുകോടിയിലധികം ജനസംഖ്യയുള്ള പതിനെട്ടു സംസ്ഥാനങ്ങളിലാണ് കേരളം ഉൾപ്പെടുന്നത്. അതിൽ താഴെ ജനസംഖ്യയുള്ളവ ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ്. ഇവയ്ക്കു പുറമേ കേന്ദ്രഭരണ പ്രദേശങ്ങളെ പ്രത്യേകമായും പരിഗണിച്ചു. ഐ.എസ്.ആർ.ഒയുടെ മുൻ ചെയർമാൻ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള പബ്ളിക് അഫയേഴ്സ് സെന്റർ ഓരോ സംസ്ഥാനത്തെയും ഭരണനിർവഹണ മികവ് പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് റാങ്ക് നിർണയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള വികസന സൂചിക അവലംബിച്ചായിരുന്നു റാങ്ക് നിർണയം. സുസ്ഥിര വികസനത്തിലും പൊതുവായ വളർച്ചയിലും ഏറ്റവും മുന്നിൽ വരാൻ കേരളത്തിനു സാദ്ധ്യമായത് മികച്ച ഭരണമികവ് കൊണ്ടുതന്നെയാണ്. ഏറെ പ്രതിബന്ധങ്ങളുണ്ടായിട്ടും തുടർച്ചയായി ഈ നേട്ടം നിലനിറുത്താനായതും അഭിനന്ദനാർഹമാണ്. തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നീ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് കേരളത്തിനു തൊട്ടു പിറകിൽ നിൽക്കുന്നത്. ചെറിയ സംസ്ഥാനങ്ങളുടെ ഗണത്തിൽ ഒന്നാംസ്ഥാനം ഗോവയ്ക്കാണ്. ഏറ്റവും പിന്നിൽ ഡൽഹിയും. ഭരണ മികവിൽ കേരളം ഒന്നാംസ്ഥാനം നേടുന്നത് തുടർച്ചയായി നാലാം വർഷമാണെന്ന പ്രത്യേകതയും ഉണ്ട്.

ഭരണ മികവിൽ മുന്നിൽ എന്നു പറയുമ്പോൾ ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന സദ്ഭരണം എന്നു തന്നെയാണ് അനുമാനിക്കേണ്ടത്. സർക്കാരിനെ വിലയിരുത്തുന്ന അളവുകോലും അതാണല്ലോ. ഭരണനേട്ടങ്ങൾ സത്വരമായി ജനങ്ങളിലെത്തിക്കുക എന്നത് ഏതു നല്ല സർക്കാരിന്റെയും അടിസ്ഥാന ഉത്തരവാദിത്വമാണ്. അതുപോലെ വികസനത്തിന്റെ സദ്‌ഫലങ്ങൾ തുല്യമായി വീതിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഈ രണ്ട് കാര്യങ്ങളിലും കേരള സർക്കാർ സ്തുത്യർഹമായ നേട്ടം കൈവരിച്ചിട്ടുണ്ടെന്നതിന്റെ സാക്ഷ്യപത്രമാണ് പി.എ.സിയുടെ പ്രശംസാ സർട്ടിഫിക്കറ്റ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തും വിവിധ രംഗങ്ങളിൽ ഭരണമികവിനുള്ള നിരവധി പുരസ്കാരങ്ങൾ സംസ്ഥാനത്തെ തേടി എത്തിയിരുന്നു. ഭരണകൂടത്തിന്റെ ഓരോ നടപടിയും വിമർശനബുദ്ധിയോടെ വീക്ഷിക്കുന്ന പ്രബുദ്ധരായ സമൂഹം ഉള്ളതുകൊണ്ടാണ് ഇതൊക്കെ സാദ്ധ്യമാകുന്നതെന്ന കാര്യവും സ്മരണീയമാണ്.

ഏതു മുന്നണി അധികാരത്തിൽ വന്നാലും ഭരണ നിർവഹണം ഉദ്യോഗസ്ഥന്മാരുടെ കൈയിലാണ്. ഇവരെ എങ്ങനെ നയിക്കുന്നു എന്നതാണ് പ്രധാനം. സർക്കാരിന് സൽപ്പേരുണ്ടാക്കാനും ദുഷ്‌പ്പേരുണ്ടാക്കാനും ഉദ്യോഗസ്ഥർ വിചാരിച്ചാൽ സാധിക്കും. ചീത്തപ്പേരുണ്ടാക്കാൻ ചുരുക്കം ചിലർ മാത്രം മതിയാകുമെന്ന പ്രത്യേകത കൂടിയുണ്ട്. സർക്കാർ അതുവരെ നേടിയതെല്ലാം ഇത്തരം കുബുദ്ധികളായ ഉദ്യോഗസ്ഥ പ്രമുഖർ ചുരുങ്ങിയ സമയം കൊണ്ട് ഇല്ലാതാക്കും. ഏതു സർക്കാരിന്റെയും കാലത്ത് സ്വാർത്ഥമതികളായ ഉദ്യോഗസ്ഥർ അവസരം മുതലെടുത്ത് മന്ത്രിമാരെ മാത്രമല്ല സർക്കാരിനെത്തന്നെ വാരിക്കുഴിയിൽ വീഴ്‌ത്തിയ ഒട്ടേറെ അനുഭവങ്ങൾ പിറകോട്ടു നോക്കിയാൽ കാണാനാകും. ഭരണാധികാരികൾ തങ്ങളിൽ അർപ്പിക്കുന്ന അമിത വിശ്വാസം ദുരുപയോഗപ്പെടുത്താൻ ഉദ്യോഗസ്ഥർ മുതിരുമ്പോഴാണ് വഴിവിട്ട നടപടികളും അഴിമതിയും അരങ്ങേറുന്നത്. എൽ.ഡി.എഫ് സർക്കാർ ഇന്നു ചെന്നുപെട്ടിരിക്കുന്ന അപവാദ സംഭവങ്ങൾ ഇതിന്റെ ദൃഷ്ടാന്തം തന്നെയാണ്. രാജ്യത്തു തന്നെ ഏറ്റവും നല്ല ഭരണം കാഴ്ചവയ്ക്കുന്ന സംസ്ഥാനമെന്ന ഖ്യാതി നിലനിൽക്കുമ്പോഴാണ് അധികാര ദുർവിനിയോഗത്തിലൂടെ അഴിമതിയുടെ വിശാലപാത വെട്ടിത്തെളിച്ച് താക്കോൽ സ്ഥാനം കൈയാളുന്ന ഉദ്യോഗസ്ഥ പ്രമുഖൻ തന്നെ സർക്കാരിന് തീർത്താൽ തീരാത്ത കളങ്കം വരുത്തിവച്ചത്. നാലരവർഷം കൊണ്ട് നാനാരംഗങ്ങളിലും തിളക്കമാർന്ന ഒട്ടേറെ നേട്ടങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ സർക്കാരിന് അതിന്റെ അവസാന നാളുകളിൽ നേരിടേണ്ടിവരുന്ന ഇമ്മാതിരി അപവാദങ്ങൾ വിധിവൈപരീത്യം തന്നെയാണ്. അതിരുവിട്ടും പായാനൊരുങ്ങുന്ന ഉദ്യോഗസ്ഥരുടെ മേൽ എപ്പോഴും ഒരു കണ്ണുണ്ടായിരിക്കണമെന്നു പറയുന്നത് വെറുതേയല്ല.

ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന വകുപ്പുകളുടെ പ്രവർത്തനങ്ങളിലെ ചെറിയ താളപ്പിഴകൾ പോലും സർക്കാരിനെതിരെ ജനരോഷം ക്ഷണിച്ചുവരുത്താറുണ്ട്. തന്നിഷ്ടം ജനങ്ങളുടെ മേൽ പ്രയോഗിക്കുന്ന പൊലീസും റവന്യൂ - തദ്ദേശവകുപ്പ് ഉദ്യോഗസ്ഥരുമൊക്കെ പലപ്പോഴും സർക്കാരിന് അവമതി ചോദിച്ചു വാങ്ങുന്നതിൽ മുൻനിരയിലാണ്. സേവനം ലഭിക്കുന്നതിൽ വരുന്ന കാലതാമസമാണ് സാധാരണക്കാർ എക്കാലവും നേരിടാറുള്ള വലിയ വെല്ലുവിളി. ഇവിടെയും ഉദ്യോഗസ്ഥരുടെ മനോഭാവം വളരെ പ്രധാനമാണ്. സദാ സേവന

സന്നദ്ധത കാണിക്കുന്ന ഉദ്യോഗസ്ഥർ ധാരളമുണ്ട്. അവരുടെ മികവിലാണ് പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നത്. ഭരണ രംഗങ്ങളിൽ കൊണ്ടുവന്ന സുതാര്യത ഭരണ നിർവഹണം കൂടുതൽ വേഗത്തിലാക്കാനും അഴിമതി തടയാനും വളരെയധികം ഉപകരിച്ചിട്ടുണ്ട്. കൂടുതൽ വകുപ്പുകളുടെ ഭരണ നിർവഹണം ഓൺലൈൻ സംവിധാനത്തിലേക്കു മാറിയതും സേവനങ്ങൾ എളുപ്പത്തിലാക്കാൻ സഹായകമായിട്ടുണ്ട്. അവ തടസങ്ങളില്ലാതെ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടിയാണ് അവശ്യം വേണ്ടത്. റേഷൻവിതരണത്തിലെ താളപ്പിഴകൾ ഉദാഹരണമാണ്. സൃഷ്ടിക്കപ്പെടുന്ന തകരാറാണ് കഥയിലെ വില്ലൻ എന്നാണ് ആരോപണം. അനുഭവങ്ങൾ ഏറെയായിട്ടും അതു പരിഹരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?