കിളിമാനൂർ: മെഷീൻ ഓഫ് ചെയ്യാൻ നേരമില്ലാതിരുന്ന തിരക്കു പിടിച്ച കാലത്തു നിന്ന് മെഷീൻ തുരുമ്പെടുത്തു തുടങ്ങിയ കൊവിഡ് കാലത്തെത്തി നിൽക്കുന്ന പ്രിന്റിംഗ് മേഖല, തിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്സാഹത്തിലാണ്. പക്ഷേ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചില നിബന്ധനകൾ തങ്ങളുടെ വയറ്റത്തടിക്കുമോ എന്ന ആശങ്കയുമുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് പ്രിന്റിംഗ് പ്രസുകളിലെ ജീവനക്കാർക്ക് നിന്ന് തിരിയാൻ സമയം ലഭിക്കുമായിരുന്നില്ല. ഏറ്റവും കൂടുതൽ വർക്കുകൾ ലഭിക്കുന്ന കാലമാണിത്. നിലവിൽ ഒരു വരുമാനവും ഇല്ലാതിരിക്കെ അടുത്തെത്തിയ തിരഞ്ഞെടുപ്പ് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം വിനയാവാൻ സാദ്ധ്യതയുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പ്രചാരണങ്ങൾ പരമാവധി സോഷ്യൽ മീഡിയ വഴിയായിരിക്കണമെന്നാണ് പ്രധാന നിർദേശം. വീട് വീടാന്തരം കയറിയിറങ്ങി അഭ്യർത്ഥനകളും പ്രസ്താവനകളും വിതരണം ചെയ്യാനും നിയന്ത്രണങ്ങളുണ്ട്. ഇത് സീസൺ കാലത്തും വരുമാന നഷ്ടം സൃഷ്ടിച്ചേക്കാം. ജില്ലയിൽ 500-550 പ്രസുകളുണ്ട്. കൊവിഡ് കാലത്തുണ്ടായ ഭീമമായ നഷ്ടം നികത്താൻ മൾട്ടി കളർ പ്രസുകൾ നിരക്ക് ഉയർത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നു വച്ചു.
വരുന്ന ആഴ്ചകളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകും. ഇതോടെ എല്ലാ മുന്നണികളും സ്വാതന്ത്രന്മാരും പ്രസുകളിലേക്ക് ഓട്ടം തുടങ്ങും. ചിഹ്നം, പോസ്റ്റർ, അഭ്യർത്ഥന, പ്രസ്താവന ലഘു ലേഖ തുടങ്ങി വൈവിദ്ധ്യമാർന്ന ഇനങ്ങളാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുന്നത്.