പകൽ ചൂടും രാത്രി തണുപ്പും കൂടുതലുള്ള ദിവസങ്ങളിൽ ഏറ്റവും എളുപ്പം ഉണ്ടാകാവുന്ന രോഗമാണ് സൈനസൈറ്റിസ്. ഒരു ജലദോഷത്തിലോ, ചെറിയൊരു മൂക്കൊലിപ്പിലോ, മറ്റു ലക്ഷണങ്ങളില്ലാതയോ ആരംഭിച്ച് മാസങ്ങളോളം നീണ്ടുനിൽക്കുന്ന രോഗമാണ് സൈനസൈറ്റിസ്.
വീക്കം ഏതു സൈനസുകളിലാണ്? എത്ര സൈനസുകളിൽ? ഇടയ്ക്കിടെ സൈനസൈറ്റിസ് വരാറുണ്ടോ, തുമ്മൽ, മൂക്കടപ്പ്, ചുമ, ശ്വാസംമുട്ട് തുടങ്ങിയ മറ്റ് അലർജി രോഗങ്ങളുള്ളവരാണോ, അസുഖം വർദ്ധിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടോ, മരുന്ന് കഴിക്കുന്നുണ്ടോ എന്നിങ്ങനെ പലതിനെയും ആശ്രയിച്ചാണ് സൈനസൈറ്റിസിന്റെ തീവ്രത അനുഭവിക്കേണ്ടിവരുന്നത്.
സന്ധ്യയിലും രാത്രിയിലും കാണുന്ന കുളിരും ചെറിയപനിയും രുചിയും മണവുമില്ലായ്മ, വിശപ്പില്ലായ്മ, തലവേദന, മൂക്കടപ്പ് ,മൂക്കിന്റെ പാർശ്വങ്ങളിൽ വേദന, മുഖം കുനിക്കാൻ ബുദ്ധിമുട്ടുള്ള വിധത്തിൽ ഭാരം തോന്നുക, ചുമ, ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും മഞ്ഞ നിറത്തിലുള്ള കഫം വരിക, വായ വരൾച്ച, മോണയ്ക്കും മുഖത്തും വേദന, കണ്ണിനു താഴെയും മൂക്കിന്റെ വശങ്ങളിലും ചെറിയ വീക്കം, കൂർക്കംവലി, മൂക്കടപ്പ് കാരണം വായ തുറന്നുവച്ച് ഉറങ്ങേണ്ടി വരിക എന്നിവയാണ് സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ.
പാലും തൈരും ഉപയോഗിച്ചാൽ, പുളിയുള്ളവ ഉപയോഗിച്ചാൽ, തണുത്ത വെള്ളത്തിൽ കുളിച്ചാൽ, ചൂടുവെള്ളത്തിൽ കുളിച്ചാലും സൈനസൈറ്റിസ് വർദ്ധിക്കും. തണുപ്പും വെയിലും കൊള്ളുന്നതും തണുത്തതും നല്ല ചൂടുള്ളതും കഴിക്കുന്നതും എ.സിയും ഫാനും അധികമായി ഉപയോഗിക്കുന്നതും സൈനസൈറ്റിസിനെ വർദ്ധിപ്പിക്കും.
മൂന്ന് മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന സൈനസൈറ്റിസിന് മാത്രമേ ആൻറിബയോട്ടിക് ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമുള്ളു. ലക്ഷണമനുസരിച്ച് വീര്യം കുറഞ്ഞ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ മാത്രമേ മൂന്നു മാസം വരെയുള്ള സൈനസൈറ്റിസുകൾക്ക് ചെയ്യാൻ പാടുള്ളൂ.
സൈനസൈറ്റിസിന് അനുബന്ധമായി ഉണ്ടാകുന്ന ചുമ, കഫം തുടങ്ങിയവയ്ക്ക് ആയുർവേദ മരുന്നുകൾ കഴിക്കാവുന്നതാണ്. സ്വയംചികിത്സ ഒഴിവാക്കണം. ധൃതി പിടിച്ച് ശക്തിയേറിയ മരുന്നുകൾ കഴിക്കാൻ ശ്രമിക്കുന്നത് നല്ലതല്ല.
എന്നാൽ, ശരിയായ ചികിത്സ ചെയ്യാതെ ദീർഘനാൾ രോഗം നിലനിൽക്കുന്നവരിൽ മൂക്കിനുള്ളിൽ ദശ വളർച്ച, നാസാർശ്ശസ് , മൂക്കിന്റെ പാലം വളയുക തുടങ്ങി കൂടുതൽ ഗുരുതരമായ മെനിഞ്ചൈറ്റിസ് പോലും ഉണ്ടാകാം. വർഷങ്ങളോളം സൈനസൈറ്റിസ് തുടർന്ന് നിൽക്കുന്നവരിൽ സൈനസുകളുടെ സമീപമുള്ള അസ്ഥികളുടെ കലകൾ ദ്രവിച്ചു പോകാനും സാദ്ധ്യതയുണ്ട്.
വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും സൈനസൈറ്റിസിന് ഫലപ്രദവുമായ ചികിത്സകൾ ആയുർവേദത്തിലുണ്ട്. കഷായം, അരിഷ്ടം, സിറപ്പ്, ചൂർണ്ണം, ഗുളികകൾ, ഗ്രാന്യൂൾസ്, ലേഹ്യം, ചിലപ്പോൾ ഘൃതങ്ങൾ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ളവർക്കും വിവിധ രോഗാവസ്ഥയിലും സുഖമായി ഉപയോഗിക്കാവുന്ന ആയുർവേദ മരുന്നുകളുണ്ട്. തലയ്ക്ക് പ്രാധാന്യം നൽകി ഉപയോഗിക്കാവുന്ന മരുന്നുകളും നസ്യം എന്ന പേരിൽ മൂക്കിലൂടെ മരുന്ന് ഇറ്റിച്ച് ചെയ്യുന്ന പഞ്ചകർമ്മ ചികിത്സയും ആയുർവേദം അനുശാസിക്കുന്നുണ്ട്. അത് അറിയാത്തവർ വളരെ വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നതും താൽക്കാലിക ശമനം മാത്രം നൽകുന്നതും ബുദ്ധിമുട്ടിക്കുന്നതുമായ ചികിത്സകൾക്ക് പിന്നാലെ പായുന്നതും കാണുന്നുണ്ട്.
അണുബാധയാണ് പ്രശ്നം...
മൂക്കിന്റെ വശങ്ങളിലും നെറ്റിയിലും കാണുന്ന അസ്ഥികളാൽ നിർമ്മിതമായ വായു അറകളാണ് സൈനസ്സുകൾ. ഇവയ്ക്കുണ്ടാകുന്ന വീക്കമാണ് സൈനസൈറ്റിസ്.
മൂക്കിന്റെ ഇടത്തും വലത്തും കാണുന്ന ഏറ്റവും വലിയ സൈനസുകളാണ് മാക്സിലറി സൈനസുകൾ. ഫ്റോണ്ടൽ, എത് മോയിഡ്, സ് ഫീനോയ്ഡ് എന്നിങ്ങനെ നാലു തരത്തിൽ ചെറുതും വലുതുമായും ഒറ്റയ്ക്കും ജോഡിയായും സൈനസ്സുകളുണ്ട്. ഇവയ്ക്ക് വീക്കമുണ്ടാകുമ്പോൾ അവ അതത് പേരുള്ള സൈനസ്സിലുണ്ടാകുന്ന വീക്കമായി അറിയപ്പെടുന്നു.ഉദാഹരണമായി മാക്സിലറി സൈന സൈറ്റിസ്
ഏതെങ്കിലും ഒരു സൈന സിനോ, പല സൈനസ്സുകൾക്ക് ഒരുമിച്ചോ, മുഖത്തെ ഏതെങ്കിലും ഒരു വശത്തെ സൈനസ്സിനോ, എല്ലാ സൈനസ്സുകൾക്കും ഒരുമിച്ചോ വീക്കമുണ്ടാകാം. അതിനനുസരിച്ച് രോഗ തീവ്രതയ്ക്കും വ്യത്യാസം വരാം.
സൈനസുകൾക്ക് വീക്കം ഉണ്ടാകുന്നതിനൊപ്പം ശരിയായ ഡ്രൈനേജിന് വേണ്ടി സൈനസുകളിലുള്ള സൂക്ഷ്മമായ ദ്വാരങ്ങൾ അടഞ്ഞു പോകാനും സാദ്ധ്യതയുണ്ട്. അണുബാധയുണ്ടായിക്കഴിഞ്ഞാൽ പലപ്പോഴും ചില പൊസിഷനുകളിൽ മാത്രമേ ഈ ദ്വാരം തുറന്നിരിക്കാൻ സാദ്ധ്യതയുള്ളൂ. ഒരാൾ കഫം വലിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ, അത് പുറത്തേക്ക് വരുന്നതിനേക്കാൾ അണുബാധ വർദ്ധിക്കാനും മറ്റു ഭാഗങ്ങളിലേക്ക് കൂടി ബാധിക്കാനുമാണ് സാദ്ധ്യത. ശക്തമായി മൂക്ക് ചീറ്റുകയോ വലിക്കുകയോ ചെയ്യുമ്പോൾ സൈനസൈറ്റിസിലെ അണുബാധ വർദ്ധിക്കാൻ കാരണം ഇതാണ്.