ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പി ബ്ലോക്കിൽ പുതുതായി സ്ഥാപിച്ച കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഹൈടെക് കിയോസ്‌ക് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്‌തു. രോഗികൾക്ക് വളരെ വേഗത്തിൽ പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാകുന്നതിന് വിദഗ്ദ്ധ പരിശീലനം ലഭിച്ച മെഡിക്കൽ കോ ഓർഡിനേറ്റർമാർക്കാണ് കിയോസ്‌കുകളുടെ പരിപാലന ചുമതല. നാഷണൽ ഹെൽത്ത് അതോറിട്ടിയുടെ ബെനിഫിഷ്യറി ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ (ബി.ഐ.എസ് ) നിന്ന് ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ് ലഭ്യമാക്കൽ, രോഗിയുടെ കാസ്പ് രജിസ്‌ട്രേഷൻ മുതൽ ഡിസ്ചാർജ് വരെയുള്ള എല്ലാ സേവനങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ദൈനംദിന അറിയിപ്പുകളും കിയോസ്‌ക്കുകൾ വഴി ജനങ്ങൾക്ക് ലഭ്യമാകും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷർമദ്, സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി ജോ. ഡയറക്ടർ ഡോ.ഇ. ബിജോയ്, ഡി.പി.എം ഡോ.പി.വി. അരുൺ എന്നിവർ പങ്കെടുത്തു.