അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇക്കുറി ഫലം നിശ്ചയിക്കുക ഏഴോളംവരുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങളാണ്. ഡെമോക്രാറ്റ്സിനോടും റിപ്പബ്ളിക്കിനോടും ചായ്വ് കാണിക്കുന്ന ചില സംസ്ഥാനങ്ങളും നിർണായകമാവും. ഇൗ തിരഞ്ഞെടുപ്പിൽ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ 43 ഒാളം ഡെമോക്രാറ്റിക് പാർട്ടിയുടെയോ റിപ്പബ്ളിക്കൻ പാർട്ടിയുടെയോ ശക്തികേന്ദ്രങ്ങളോ അവയോട് ചായ്വ് പുലർത്തുന്നവയോ ആണ്.
ഇത്തരം സംസ്ഥാനങ്ങൾ സ്ഥാനാർത്ഥികൾക്ക് അതീതമായി പാർട്ടിക്ക് വോട്ട് ചെയ്യുന്നു. ഉദാഹരണം, അൽബാമ മിസൂറി മിസിസിപ്പി, ടെന്നിസേ, ലൂസിയാന തുടങ്ങിയ സംസ്ഥാനങ്ങൾ റിപ്പബ്ളിക്കൻ പാർട്ടിയുടെ ഉരുക്ക് കോട്ടകളാണ്.
ടെക്സാസ് ആണ് പരമ്പരാഗതമായി, റിപ്പബ്ളിക്കൻ പാർട്ടിയോട് ചായ്വ് പുലർത്തുന്നത്. ഇത്തരം സംസ്ഥാനങ്ങളിൽ 163 ഇലക്ടറൽ കോളേജ് അംഗങ്ങൾ റിപ്പബ്ളിക്കൻ പാർട്ടിക്ക് ഉറപ്പാണെന്ന് പറയാം. അതുപോലെ കാലിഫോർണിയ, ന്യൂയോർക്ക്, വെർജീനിയ, വാഷിംഗ്ടൺ തുടങ്ങി 17 സംസ്ഥാനങ്ങൾ ഡെമോക്രാറ്റ്സിന് 203 സീറ്റുകൾ ഉറപ്പാക്കുന്നു. ഡെമോക്രാറ്റ്സിനോട് ചായ്വ് പുലർത്തുന്ന കോളറാഡോ, മിഷിഗൺ നെബ്രാസ്ക, നെവാഡ, ന്യുഹാംഷെയ്ർ, വിസ്കോൺസിൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഡെമോക്രാറ്റ്സിനോട് ചായ്വ് പുലർത്തുന്നു. ഇവിടെ ഏകദേശം 56 ഒാളം സീറ്റുകളുണ്ട്. അതായത് യഥാർത്ഥ മത്സരം നടക്കുക ഫ്ളോറിഡ, ജോർജിയ, ഇയോവ, നോർത്ത് കരോളിന, ഒഹിയോ, പെൻസിൽ വാനിയ അരിസോണ, മെയ്മേ -രണ്ടാം ഡിസ്ട്രിക്ട് തുടങ്ങിയ സംസ്ഥാനങ്ങളിലെ 116 ഇലക്ട്രറൽ കോളേജ് അംഗങ്ങൾക്കുവേണ്ടിയാണ്.
ഇൗ സംസ്ഥാനങ്ങൾ ഇരു പാർട്ടികൾക്കും മാറിമാറി വോട്ട് ചെയ്ത ചരിത്രമാണുള്ളത്. ഒബാമ പ്രസിഡന്റായപ്പോൾ ചാഞ്ചാട്ട സംസ്ഥാനങ്ങൾ മിക്കവയും അദ്ദേഹം നേടി. എന്നാൽ 2016- ൽ ഇവ ട്രംപിനെ പിന്തുണച്ചു. ഇതിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്നത് 29 ഇലക്ട്രറൽ കോളേജ് അംഗങ്ങൾ ഉള്ള ഫ്ളോറിഡയിലും 20 അംഗങ്ങൾ ഉള്ള പെൻസിൽവാനിയയിലുമാണ്.മത്സരം വളരെ കടുത്തതായതുകൊണ്ട് വിജയിക്കുമോ എന്നത് ഉറപ്പില്ലാത്തതുകൊണ്ടാണ് ട്രംപ് തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുമോ ഇല്ലയോ എന്ന് കൃത്യമായി പറയാത്തത്. ദേശീയതലത്തിൽ കൂടുതൽ ജനകീയ വോട്ടുകൾ നേടുന്ന സ്ഥാനാർത്ഥിക്ക് കൂടുതൽ പ്രതിനിധികളെ ഇലക്ട്രറൽ കോളേജിലേക്ക് ലഭിക്കണമെന്നില്ല. കാരണങ്ങൾ പലതാണ്.
ഒന്ന്: ഒാരോ സംസ്ഥാനത്തും കൂടുതൽ വോട്ട് നേടുന്ന പാർട്ടിക്ക് ആ സംസ്ഥാനത്ത് നിന്നുള്ള എല്ലാ ഇലക്ട്രറൽ കോളേജ് പ്രതിനിധികളെയും ലഭിക്കുന്നു.രണ്ട്: ഒാരോ സംസ്ഥാനത്തിന്റെയും സംസ്കാരവും വംശീയവുമായ സ്വഭാവം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.ഉദാഹരണം, കാലിഫോർണിയയിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് മുൻതൂക്കം ലഭിക്കാനുള്ള കാരണം അവിടത്തെ കുടിയേറ്റക്കാരുടെ സാന്നിദ്ധ്യമാണ്. എന്നാൽ, വെള്ളക്കാർക്ക് മഹാഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിൽ റിപ്പബ്ളിക്കൻസിനാണ് മേധാവിത്വം.
മൂന്ന് : നഗര ഗ്രാമ പ്രദേശങ്ങളിലും ഇൗ വ്യത്യാസം പ്രകടമാണ്. കുടിയേറ്റക്കാർ കൂടുതലുള്ളതിനാൽ നഗരങ്ങളിൽ ഡെമോക്രറ്റിക് പാർട്ടിയും പരമ്പരാഗത യഥാസ്ഥിതിക വെള്ളക്കാർ താമസിക്കുന്ന ഗ്രാമങ്ങളിൽ റിപ്പബ്ളിക്കൻ പാർട്ടിയും മേധാവിത്വം പുലർത്തുന്നു.
അതുകൊണ്ടുതന്നെ അമേരിക്കയുടെ തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും ഏറ്റവും വ്യക്തമായി ദർശിക്കാവുന്നത് ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ആണ്.