വെഞ്ഞാറമൂട് :വാമനപുരം ബ്ലോക്കിൽ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായി നടക്കുകയാണ്. ഭരണം നിലനിറുത്താനാണ് എൽ.ഡി.എഫിന്റെ ശ്രമമെങ്കിൽ തിരിച്ചു പിടിക്കുകയെന്നുള്ളതാണ് യു.ഡി.എഫിന്റെ അജൻഡ.നാളിതു നാളിതു വരെ ജയിപ്പിക്കാൻ കഴിയാത്തതിന്റെ ക്ഷീണം തീർക്കലാണ് ബി.ജെ.പി. ലക്ഷ്യം.സ്ഥാനാർത്ഥി മികവ് ജയപരാജയങ്ങൾ നിർണയിക്കുമെന്നുള്ളതു കൊണ്ട് ഏറ്റവും സ്വീകാര്യമായ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് മുന്നണികൾ നടത്തിക്കൊണ്ടിരിക്കുന്നത്.
നിലവിൽ ഇടതു മുന്നണിക്കാണ് ഭരണം.15അംഗ ഭരണ സമിതിയിൽ ഇടതു മുന്നണിക്ക് എട്ടും ഐക്യ ജനാധിപത്യ മുന്നണിക്ക് ഏഴു അംഗങ്ങളുമാണുള്ളത്.വെഞ്ഞാറമൂട്,കല്ലറ,പാലോട് എന്നിങ്ങനെയുള്ള ജില്ല ഡിവിഷനുകളിൽ മൂന്നിലും ഇടതു മുന്നണി പ്രധിനിധികളാണുള്ളത്.ബ്ലോക്ക്‌ പരിധിയിലുള്ള നെല്ലനാട്,വാമനപുരം,മാണിക്കൽ, പുല്ലമ്പാറ,കല്ലറ,പാങ്ങോട്,നന്ദിയോട്,പെരിങ്ങമല എന്നീ പഞ്ചായത്തുകളിൽ നെല്ലനാട്,കല്ലറ,പാങ്ങോട് എന്നിവിടങ്ങളിൽ യു.ഡി.എഫിനാണ് ഭരണം.പെരിങ്ങമല,നന്ദിയോട്, പുല്ലമ്പാറ,വാമനപുരം, മാണിക്കൽ എന്നിവിടങ്ങളിൽ എൽ. ഡി. എഫും ഭരിക്കുന്നു. ഇടതു മുന്നണിയിൽ പെട്ട സി.പി.ഐക്ക് ബ്ലോക്ക്‌ പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും സ്വാധീനമുണ്ട്.കല്ലറ,പാങ്ങോട്,പെരിങ്ങമല പഞ്ചായത്തുകളിൽ എസ്.ഡി.പി ഐക്കും വെൽഫെയർ പാർട്ടിക്കും ശക്തി കേന്ദ്രങ്ങളുണ്ട്.മുസ്ലിം ലീഗിനും സ്വാധീനമുണ്ട്.

അതേസമയം എൽ.ഡി.എഫിൽ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചതായാണ് വിവരം.പ്രധാന ഘടക കക്ഷിയായ സി.പി.ഐക്കുള്ള സീറ്റുകളെകുറിച്ചും ധാരണയായതായി അറിയുന്നു. കോൺഗ്രസിൽ മുഴുവൻ സീറ്റുകളിലും അവർ തന്നെ മത്സരിക്കുമെന്നും സ്ഥാനാർത്ഥി നിർണയം നടക്കുന്നതേയുള്ളൂവെന്നും അറിയിച്ചു. ബി.ജെ.പി യിൽ ചില സീറ്റുകൾ ബി.ജെ.ഡി.എസിന് നൽകുമെന്നു സൂചനയുണ്ട്.സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ല.

സംസ്ഥാനത്ത് വിസ്തൃതിയിൽ ഒന്നാമത്തേതാണ് വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌.പഞ്ചായത്തീരാജ് സമ്പ്രദായം നിലവിൽ വന്ന 1994 വരെ ബ്ലോക്ക്‌ വികസന സമിതികളാണ് ഭരണം നടത്തിയിരുന്നത്.1994 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കായിരുന്നു വിജയം.തുടർന്നിങ്ങോട്ട് ഇരുമുന്നണികളും മാറി മാറിയായിരുന്നു ഭരണം. ഇതുകൊണ്ടുതന്നെ ഒരു മുന്നണിക്കും വ്യക്തമായ മേധാവിത്വം അവകാശപ്പെടാനില്ലാത്ത ബ്ലോക്ക്‌ പഞ്ചായത്തെന്നാണ് വാമനപുരത്തെ വിലയിരുത്തപ്പെടുന്നത്.