ഡോ. പല്പുവിനെ കേരളത്തിന്റെ നവോത്ഥാന നായകൻ മാത്രമായാണ് നാം പലപ്പോഴും കാണാറുള്ളത്. എന്നാൽ ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡു അനശ്വരനായ വിപ്ളവകാരി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എല്ലാറ്റിനുമുപരി അദ്ദേഹം അതിപ്രഗൽഭനായ ഭിഷഗ്വരനായിരുന്നു.
സ്തുത്യർഹമായി പരീക്ഷ പാസായെങ്കിലും മെഡിക്കൽ പ്രവേശനത്തിലുണ്ടായതുപോലെ ഡോക്ടറായി ഉദ്യോഗം നൽകാൻ തിരുവിതാംകൂർ ഗവൺമെന്റ് വിസമ്മതിച്ചു. എന്നാൽ അദ്ദേഹം മദ്രാസ് പ്രസിഡൻസിയെ അഭയം പ്രാപിച്ചു. മദ്രാസ് മെഡിക്കൽ കോളേജിനോട് ചേർന്നുള്ള വാക്‌സിൻ ഡിപ്പോയുടെ സൂപ്രണ്ടായി 1890 ഡിസംബർ നാലിന് അദ്ദേഹം ബ്രിട്ടീഷ് സർവീസിൽ പ്രവേശിച്ചു. കർണ്ണൽകിംങ് എന്ന വെള്ളക്കാരനായിരുന്നു മേലധികാരി. ഡോ. പല്പുവിന്റെ അസാമാന്യമായ ബുദ്ധിവൈഭവവും കാര്യശേഷിയും തിരിച്ചറിഞ്ഞ അദ്ദേഹം അധികം താമസിയാതെ പല്പുവിന് സീനിയർ സൂപ്രണ്ടായി സ്ഥാനക്കയറ്റം നൽകി.
ലിംഫ് ഉണ്ടാക്കുന്നതിന് മദ്രാസിനേക്കാൾ തണുപ്പുള്ള ബാംഗ്ളൂരാണ് കൂടുതൽ അനുയോജ്യമെന്ന് മനസിലാക്കിയ ദിവാൻ 1891 ഏപ്രിൽ 23-ന് വാക്‌സിൻ ഡിപ്പോ ബാംഗ്ളൂരിലേക്ക് മാറ്റി .
മദ്രാസ് പ്രസിഡൻസിയിൽ ഡോ. പല്പുവിന്റെ നേതൃത്വത്തിൽ വികസിപ്പിച്ച് നിർമ്മിക്കുന്ന വാക്‌സിന്റെ ഗുണനിലവാരം ഏറെ മെച്ചപ്പെട്ടതാണെന്ന് അംഗീകരിക്കപ്പെട്ടു. വാക്‌സിന്റെ ഗുണനിലവാരം അറിഞ്ഞ ദിവാൻ ശേഷാദ്രി അയ്യർ അത്യധികം സന്തോഷിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഡിപ്പോയിൽ ഉത്പാദിപ്പിച്ച ലിംഫ് വാങ്ങാൻ ബ്രിട്ടീഷ് പ്രസിഡൻസികളും നാട്ടുരാജ്യങ്ങളും മത്സരിച്ചു.
മെഡിക്കൽ സ്കൂൾ പ്രവേശനവും ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനുള്ള അവസരവും നിഷേധിച്ച തിരുവിതാംകൂർ രാജഭരണം, വാക്‌സിൻ സൂപ്രണ്ടായിരുന്ന മിസ്റ്റർ കാർവാലിയോ, സാനിട്ടറി കമ്മിഷണർ ആയിരുന്ന സുബ്രഹ്‌മണ്യ അയ്യർ എന്നിവരെ ഡോ. പല്പുവിന്റെ മേൽനോട്ടത്തിൽ വാക്‌സിൻ നിർമ്മാണത്തിൽ പരിശീലനം നേടാൻ അയച്ചത് വിധിവൈപരീത്യം എന്നേ പറയേണ്ടൂ.
തുടർന്ന് വാക്‌സിൻ നിർമ്മാണം നവീകരിക്കുന്നതിന് മദ്രാസ് പ്രസിഡൻസി ഡോ. പല്പുവിനെ ഉന്നതപഠനത്തിന് യൂറോപ്പിലേക്കയച്ചു. ഇവ ഡോ. പല്പുവിനെക്കൊണ്ട് ബാംഗ്ളൂരിലെ വാക്‌സിൻ ഡിപ്പോയിൽ നടപ്പാക്കാനും ദിവാൻ ശേഷാദ്രി അയ്യർ ഉത്തരവിട്ടു. ലണ്ടനിലേക്ക് യാത്രയാകാൻ തയ്യാറെടുത്ത് കാത്തിരിക്കുമ്പോഴാണ് ബാംഗ്ളൂർ പട്ടണത്തിൽ പ്ളേഗ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്.
1898 ആഗസ്റ്റ് 11ന് റെയിൽവേയുടെ ലോക്കോ സൂപ്രണ്ടും പരിചാരകനും ഒൗദ്യോഗിക ആവശ്യങ്ങൾക്കായി ബാംഗ്ളൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. സ്‌റ്റേഷനിൽ രണ്ടുപേരും പ്ളേഗ് പരിശോധനയ്ക്കായി രക്തം നൽകി. പരിചാരകന് രോഗം സ്ഥിരീകരിച്ചു.
പ്ളേഗ് ബാംഗ്ളൂരിൽ പടർന്നുപിടിക്കാൻ തുടങ്ങി. മനുഷ്യൻ ഇയാംപാറ്റകളെപ്പോലെ മരിച്ചുവീണു. രോഗം നിയന്ത്രിക്കാനും ചികിത്സിക്കാനും ബാദ്ധ്യസ്ഥരായ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകർ പോലും മരണഭീതിയിൽ ബാംഗ്ളൂരിൽനിന്നും പലായനം ചെയ്തു. ഇൗ പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്ന് അറിയാതെ ഏറെ ബുദ്ധിമുട്ടിയ ദിവാനും ഭരണകർത്താക്കളും വി.പി. മാധവറാവുവിനോട് പ്ളേഗ് കമ്മീഷണറായി ചാർജെടുക്കാൻ ഉത്തരവിട്ടു. പ്ളേഗ് രോഗം നിയന്ത്രണാധീനമാക്കുകയായിരുന്നു അദ്ദേഹത്തിന് നൽകിയ ദൗത്യം. തന്റെ ദൗത്യം വിജയിക്കണമെങ്കിൽ തനിക്ക് ഡോ. പല്പുവിനെ പ്ളേഗ് ഒാഫീസറായി നിയമിച്ച് കിട്ടണമെന്ന് അദ്ദേഹം ഉറച്ച നിലപാടെടുത്തു. വിവരമറിഞ്ഞ ഡോ. പല്പു വിദേശയാത്ര മാറ്റിവച്ച് പ്ളേഗ് ഒാഫീസറായി ചുമതലയേറ്റു. ചാർജെടുത്ത ഡോ. പല്പു ആദ്യമായി ചെയ്തത് തന്റെ മരണപത്രം എഴുതിവയ്ക്കുകയായിരുന്നു.
പ്ളേഗ് കമ്മീഷണറായിരുന്ന മാധവറാവുവും പ്ളേഗ് ഒാഫീസറായിരുന്ന ഡോ. പല്പുവും ജീവൻ പണയംവച്ച് രോഗികൾക്കും ബന്ധുക്കൾക്കും ആത്മവിശ്വാസം പകർന്നു.
രോഗികളെ വേർതിരിക്കുന്നതിലും രോഗവ്യാപനം തടയുന്നതിനും ഡോ. പല്പു കാണിച്ച മാതൃക രാജ്യമെമ്പാടും പ്രകീർത്തിക്കപ്പെട്ടു. 24 പുതിയ ആശുപത്രികൾ ആരംഭിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1900- ൽ വിക്ടോറിയ ആശുപത്രിയും അദ്ദേഹം താത്പര്യമെടുത്ത് നിർമ്മിച്ചതാണ്. അക്ഷീണമായ പ്രവർത്തനങ്ങളിലൂടെയും നിരന്തര ബോധവത്കരണത്തിലൂടെയും പ്ളേഗ് എന്ന മഹാമാരിയെ നിയന്ത്രണാധീനമാക്കാൻ ഡോ. പല്പുവിന് സാധിച്ചു.
( ഡയറക്ടർ ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ മുൻ ഡയറക്ടറാണ് ലേഖകൻ.
ഫോൺ: 7356287676. )