prathi-

നെടുമങ്ങാട് : പിണങ്ങിക്കഴിയുന്ന ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആനാട് പന്നിയോട്ടുകോണം ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം ചിത്തിര ഭവനിൽ ബിനു (44) വിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ആനാട് ക്ഷേത്രത്തിനു സമീപം വാടകയ്ക് താമസിക്കുന്ന കരുപ്പൂര് സ്വദേശി ബിനുകുമാറിനെ, 28 ന് രാത്രി 9.30 ന് കൊല്ലങ്കാവ് ജംഗ്ഷനു സമീപം വച്ച് സ്റ്റീൽ കമ്പികൊണ്ട് തലയുടെ ഇരുവശത്തും അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. ഭാര്യ താമസിക്കുന്ന വീട്ടിൽ നിന്ന് ബിനു കുമാർ ഇറങ്ങി വരുന്നതു കണ്ട് തടഞ്ഞു നിറുത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിനുകുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതിയെ നെടുമങ്ങാട് ഡിവൈ.എസ്‌.പി ഉമേഷ് കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. എസ്.ഐ സുനിൽ ഗോപി, സിവിൽ ഓഫീസർമാരായ ശ്രീജിത്ത്.എം.ആർ, സനൽരാജ് ആർ.വി, ഷിലു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.