election

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം ഈയാഴ്ച ഒടുവിലോ, അടുത്തയാഴ്ച ആദ്യമോ ഉണ്ടാവും. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർത്തവരെയും ഉൾപ്പെടുത്തിയുള്ള അന്തിമ വോട്ടർപട്ടിക പത്തിന് പുറത്തിറക്കും. നിലവിലെ തദ്ദേശഭരണസമിതികളുടെ കാലാവധി അവസാനിക്കുന്ന 12ന് മുമ്പ് വിജ്ഞാപനമിറങ്ങുമെന്ന് കമ്മിഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു. അഞ്ചിന് വിജ്ഞാപനമിറങ്ങുമെന്ന അഭ്യൂഹം ശക്തമാണ്. തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യം നടക്കാനാണ് സാദ്ധ്യത.

തിരഞ്ഞെടുപ്പിന്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുമായി കമ്മിഷൻ ഇന്നലെ ചർച്ച നടത്തി. വോട്ടെടുപ്പ് കഴിഞ്ഞ തവണത്തെപ്പോലെ രണ്ട് ഘട്ടമായി വേണോ, ഒറ്റ ഘട്ടത്തിൽ മതിയോ എന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. എത്ര ഘട്ടമായി നടത്തിയാലും കുഴപ്പമില്ലെന്ന് ഡി.ജി.പി വ്യക്തമാക്കി.. പോളിംഗ് ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്കും മൂന്ന് പോളിംഗ് ഉദ്യോഗസ്ഥർക്കും പുറമെ, ഒരു ഓഫീസ് അറ്റൻഡന്റിനെ വീതം അധികമായി വിന്യസിക്കും. സാനിറ്റൈസർ വിതരണത്തിനും മറ്റുമാണിത്. ബൂത്തിന് പുറത്ത് ഒരു പൊലീസുകാരനുമുണ്ടാകും. പ്രശ്ന സാദ്ധ്യതാ മേഖലകളിൽ അധിക പൊലീസിനെ വിന്യസിക്കും..കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതും പൊലീസാണ്.

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർമാരുമായി കമ്മിഷൻ നാളെ രാവിലെ വീഡിയോ കോൺഫറൻസ് വഴിയും,.വൈകിട്ട് നാലിന് ചീഫ് സെക്രട്ടറിയുമായും ചർച്ച നടത്തും. തദ്ദേശ സ്ഥാപന അദ്ധ്യക്ഷ സംവരണ നറുക്കെടുപ്പ് വരും ദിവസങ്ങളിൽ പൂർത്തിയാകും. 12ന് കാലാവധി കഴിയുന്ന ഭരണസമിതികൾക്ക് പകരം, താൽക്കാലിക ഉദ്യോഗസ്ഥ ഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം സർക്കാർ ഉടൻ പുറത്തിറക്കും.