kseb

തിരുവനന്തപുരം: അന്തർ സംസ്ഥാന വൈദ്യുതിയുടെ പ്രസരണ ചാർജ് കണക്കാക്കുന്നതിൽ കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം പവർഗ്രിഡ് കോർപ്പറേഷൻ കൊണ്ടു വന്ന പരിഷ്കാരം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ എതിർപ്പിനെ അവഗണിച്ച് നിലവിൽ വന്നു.

ഈ മാറ്റം അംഗീകരിച്ചുകഴിഞ്ഞാൽ സംസ്ഥാനത്ത് വൈദ്യുതി ചാർജ് കൂട്ടേണ്ടി വരുന്നതുകൊണ്ടാണ് കേരളം എതിർക്കുന്നത്. യൂണിറ്റ് ഒന്നിന് ശരാശരി 50 പൈസയുടെ വർദ്ധന ഉണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.

വ്യവസ്ഥ നവംബർ 1 മുതൽ നിലവിൽ വന്നെങ്കിലും ചാർജ് ഈടാക്കുന്നത് ജനുവരി ഒന്നു മുതലാണ്. കേന്ദ്ര വ്യവസ്ഥയ്ക്കെതിരെ കെ.എസ്.ഇ.ബി ഹൈക്കോടതിയെ സമീപിക്കും. കോടതിയിൽ നിന്നും പ്രതികൂല ഉത്തരവുണ്ടായാൽ ജനുവരി മുതൽ വൈദ്യുത ചാർജ് വർദ്ധനവിന് കളമൊരുങ്ങും.

തമിഴ്നാട്,​ പശ്ചിമബംഗാൾ,​ ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രത്തിനെതിരെ രംഗത്തുണ്ട്.

നേരത്തേ അന്തർ സംസ്ഥാന ലൈനുകളുടെ ചാർജ് അവ കടന്നുപോകുന്ന സംസ്ഥാനങ്ങളാണ് വഹിച്ചിരുന്നത്. ലൈനിന്റെ മുഴുവൻ ശേഷിയും ഉപയോഗിച്ചാലും ഇല്ലെങ്കിലും നൂറുശതമാനം ചാർജും ഉപയോഗത്തിന്റെ അനുപാതമനുസരിച്ച് ആ സംസ്ഥാനങ്ങൾ പങ്കിടണം. എന്നാൽ പുതിയ ചട്ടമനുസരിച്ച് ഉപയോഗിക്കാത്ത ശേഷിയുടെ ചാർജ് ഇന്ത്യയിലെ സംസ്ഥാനങ്ങളെല്ലാം കൂടി വീതംവയ്ക്കണം. അതായത്
ഉപയോഗിക്കാത്ത വൈദ്യുത ലൈനുകൾക്കും കൂടി നമ്മൾ പണം നൽകേണ്ടി വരും.


 സ്വകാര്യ കുത്തകകളെ

സഹായിക്കാനെന്ന്

സ്വകാര്യ വൈദ്യുതോത്പാദന കമ്പനികൾക്കായി പവർഗ്രിഡ് കോർപറേഷൻ നിർമിച്ച ലൈനുകൾ ഉപയോഗിക്കപ്പെടാതെ കിടക്കുന്നതിന്റെ ബാദ്ധ്യത സംസ്ഥാനങ്ങളെ അടിച്ചേൽപ്പിക്കാനാണ് നിരക്കിൽ മാറ്റംവരുത്തിയതെന്ന് വൈദ്യുതി ബോർഡിന്റെ ആരോപണം. സംസ്ഥാനങ്ങളെ പിഴിയാതെ ഈ പണം അതത് കമ്പനികളിൽ നിന്ന് ഈടാക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. ഇപ്പോൾ പ്രതിവർഷം 550 കോടി രൂപയാണ് വൈദ്യുതി പുറത്തു നിന്നും വാങ്ങുന്നതിന് കെ.എസ്.ഇ.ബി നൽകുന്നത്. പുതിയ വ്യവസ്ഥ നടപ്പിലായാൽ 2021ഓടെ അത് 1000 കോടിയും 2022ൽ 1500 കോടി രൂപയുമാകും.

വീണ്ടും കൂട്ടുമോ?​

2019 ജൂലായിലാണ് സംസ്ഥാനത്ത് വൈദ്യുതി ചാർജ് അവസാനമായി കൂട്ടിയത്. സ്ളാബ് അടിസ്ഥാനത്തിലുള്ള ഫിക്സഡ് ചാർജും യൂണിറ്റ് നിരക്കും ഒരേസമയം കൂട്ടിയതോടെ ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി. യൂണിറ്റ് നിരക്കിൽ 11.4 ശതമാനവും ഫിക്സഡ് ചാർജിൽ 16.66% മുതൽ 128% വരെ വർദ്ധനയുമാണ് വരുത്തിയത്. അധിക ചെലവ് കണക്കിലെടുത്ത് യൂണിറ്റ് 10 പൈസ വീതം സർചാർജ് ഈടാക്കണമെന്ന് കാണിച്ച് രണ്ട് തവണ കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചെങ്കിലും കൊവിഡ് കാലമായതിനാൽ അത് അംഗീകരിച്ചില്ല.