തിരുവനന്തപുരം: കാനഡയിലെ കുത്തക സ്ഥാപനത്തിനായി സർക്കാർ ഒത്താശയോടെ സംസ്ഥാനത്തെ പത്തുലക്ഷം പേരുടെ സ്വകാര്യവിവരങ്ങൾ കൈമാറിയതിനെയും ജനങ്ങളിൽ അവരറിയാതെ മരുന്ന് പരീക്ഷണം നടത്തിയതിനെയും ചൊല്ലി പുതിയ വിവാദം. പ്രളയകാലത്ത് പ്രൈസ് വാട്ടർ കൂപ്പേഴ്സ് ഹൗസും, കൊവിഡ് കാലത്ത് സ്‌പ്രിൻക്ളറും ഡാറ്റാ കച്ചവടത്തിന് മുതിർന്നുവെന്ന ആരോപണങ്ങൾക്കിടെയാണിത്.
2018ലെ മഹാപ്രളയത്തിന്റെ മറവിൽ സാമൂഹ്യാരോഗ്യ മുൻകരുതലെന്ന പേരിലാണ് ഇത് നടപ്പിലാക്കിയത്. അന്താരാഷ്ട്ര മാർക്കറ്റിൽ 500കോടിയിലേറെ വിലമതിക്കുന്ന ഡേറ്റകളാണ് വിദേശത്തേക്ക് കടത്തിയത്. ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മെഡിക്കൽ കോളേജിലെ ഡോക്ടറും അച്യുതമേനോൻ ശാസ്ത്രപഠനകേന്ദ്രത്തിലെ ഗവേഷകനും ഭാരവാഹികളായ ജനകീയാരോഗ്യസമിതിയുടെയും നേതൃത്വത്തിലായിരുന്നു കച്ചവടം. സർക്കാരിന്റെ ഇ -ഹെൽത്ത് പദ്ധതിക്കും അച്യുതമേനോൻ സയൻസ് സ്റ്റഡി സെന്ററിന് ഗവേഷണത്തിനും സാങ്കേതികസഹായത്തിനായി കാനഡയിലെ പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറുണ്ടാക്കി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ ഉപയോഗിച്ച് എല്ലാജില്ലകളിലുമായി പത്തുലക്ഷം പേരുടെ വിവരങ്ങൾ ശേഖരിച്ച് കനേഡിയൻ സ്ഥാപനത്തിന് അതത് ദിവസം കൈമാറുകയായിരുന്നു. ഇതിന്റെ വിവരങ്ങളും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുൾപ്പെടെയുള്ളവർ നടത്തിയ സംഭാഷണങ്ങളും സന്ദേശങ്ങളുമാണ് പുറത്തായത്.
നേരത്തെ ഇതേ ഇടപാട് യു.ഡി.എഫ്.സർക്കാരിന്റെ കാലത്ത് കേരള ഹെൽത്ത് ഒബ്സർവേറ്ററി ബേയ്സ് ലൈൻ സ്റ്റഡി എന്ന പേരിൽ നടത്താൻ ശ്രമിക്കുകയും അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനൻ ഇതിന്റെ മറവിലെ ഡാറ്റാ കച്ചവടത്തിനെതിരെ രംഗത്തുവരികയും ചെയ്തതോടെ നിറുത്തിവയ്ക്കുകയായിരുന്നു. അതോടെ അന്ന് നേതൃത്വം നൽകിയിരുന്ന ഹെൽത്ത് സെക്രട്ടറി ഡൽഹിയിലേക്ക് മാറി. യു.ഡി.എഫ്. അധികാരത്തിൽ നിന്ന് മാറുകയും, ഇതേ ഉദ്യോഗസ്ഥൻ സംസ്ഥാന സർവീസിലേക്ക് തിരിച്ചെത്തുകയും ചെയ്തതോടെ,വേറെ പേരിൽ അതേ പരിപാടി നടപ്പാക്കുകയുമായിരുന്നു.
മരുന്ന് പരീക്ഷണം രണ്ടു തരത്തിൽ
രണ്ടുതരത്തിലുള്ള മരുന്നുപരീക്ഷണമാണ് മലയാളികളിൽ നടത്തിയത്. അമേരിക്കയിലെ കാഡില്ല ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച ഹൃദ്രോഗ ചികിത്സയ്ക്കുള്ള പോളികാപ്പ് വിറ്റഴിക്കാനുള്ള പരീക്ഷണം മൂന്ന് മാസക്കാലം ആയിരം പേരിലാണിത് നടത്തിയത്. ജനങ്ങളറിയാതെ സൗജന്യമായാണ് മരുന്ന് നൽകിയത്. പാർശ്വഫലങ്ങൾ, മരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിച്ച് ദിവസവും കാനഡയിലെ പി.എച്ച്.ആർ.ഐ. എന്ന സ്ഥാപനത്തെ അറിയിച്ചു.ഇൗ മരുന്നിന്റെ ക്ളിനിക്കൽ ട്രയൽ നടത്തിപ്പ് കരാർ ഇവർക്കായിരുന്നു.
ദരിദ്രരാജ്യങ്ങളിലുള്ളവർക്ക് മദ്യപാനവും പുകവലിയും മൂലമുണ്ടാകുന്ന രക്തസമ്മർദ്ദത്തിന് ആസ്പിരിൻ, കൊളോസ്ട്രോൾ തുടങ്ങിയ ഗുളികകൾ എത്രമാത്രം ഫലപ്രദമാണെന്ന ട്രയലും നടത്തി. ഇതും സൗജന്യമായിരുന്നു.