തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ വിജിലൻസ് അഞ്ചാം പ്രതിയാക്കിയതിനു പിന്നിൽ, സി.ബി.ഐ അന്വേഷണത്തിനു തടയിടാനുള്ള നീക്കമെന്ന് സൂചന. ലൈഫ് മിഷൻ മുൻ സി.ഇ.ഒ കൂടിയായ ശിവശങ്കറിനെതിരെ അഴിമതിക്കുറ്റം കൂടി ചുമത്തി അന്വേഷണം മുറുക്കാൻ സി.ബി.ഐ ഒരുങ്ങുന്നതിനിടെയാണ് ഒരു മുഴം മുമ്പേ വിജിലൻസിന്റെ കരുനീക്കം. കോഴക്കേസിൽ ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയത് ചൂണ്ടിക്കാട്ടി, ഒരു കുറ്റകൃത്യത്തിൽ രണ്ട് ഏൻജസികളുടെ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതിയിൽ സർക്കാർ നിലപാടെടുക്കുമെന്നാണ് സൂചന.
കോഴ ഇടപാടിലെ മുഖ്യപ്രതി സ്വപ്നയെ ചോദ്യം ചെയ്യും മുമ്പാണ് ശിവശങ്കറിനെ പ്രതിയാക്കിയത്. റെഡ്ക്രസന്റിൽ നിന്ന് നേരിട്ട് പണം കൈപ്പറ്റിയില്ലെന്ന വാദമുയർത്തി, ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിന് രണ്ടു മാസത്തേക്ക് സർക്കാർ സ്റ്റേ നേടിയിരുന്നു. അതേസമയം, സിവിൽ സർവീസ് ഉദ്യോഗസ്ഥരുൾപ്പെട്ട അഴിമതിക്ക് തെളിവുള്ളതിനാൽ, അഴിമതി നിരോധന നിയമം ചുമത്തി കേസെടുക്കാൻ അനുവദിക്കണമെന്ന് സി.ബി.ഐയും ആവശ്യപ്പെടും.
യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന വഴി ആപ്പിൾ ഐ-ഫോൺ ശിവശങ്കറിനു നൽകിയത് കോഴയാണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. പ്രോട്ടോക്കോൾ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനടക്കം ഫോൺ കിട്ടി. നിർമ്മാണക്കമ്പനി നൽകിയ കോഴ ഉന്നതഉദ്യോഗസ്ഥർക്ക് വീതംവച്ചെന്ന സി.ബി.ഐ നിലപാടിന് പിന്നാലെയാണ്, വിജിലൻസ് ശിവശങ്കറിനെ പ്രതിയാക്കിയത്. കോഴയായി നൽകിയ ഐഫോണുകളും, സി.ബി.ഐയെ കടത്തിവെട്ടി വിജിലൻസ് പിടിച്ചെടുത്തു തുടങ്ങി.
ലൈഫ് മിഷൻ സി.ഇ.ഒയെ അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കിയെങ്കിലും, യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരെ കേസ് നിലനിറുത്തുകയും എഫ്.സി.ആർ.എ ചട്ടലംഘനം, ഗൂഢാലോചന എന്നീ വകുപ്പുകളുള്ള സി.ബി.ഐയുടെ എഫ്.ഐ.ആർ കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അഴിമതിനിരോധന നിയമം കൂടി ചുമത്തിയാൽ, ഐ.എ.എസുകാരടക്കം ഉന്നത ഉദ്യോഗസ്ഥരെല്ലാം അന്വേഷണ പരിധിയിലാവും. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നതിന് തൊട്ടുമുൻപ് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും, ലൈഫ്പദ്ധതിയുടെ ഫയലുകൾ സെക്രട്ടേറിയറ്റിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
സർക്കാരിന്റെ നീക്കം
സി.ബി.ഐയുടെ വാദം
വിജിലൻസ് കേസ്